അവശേഷിക്കുന്ന ഒരു വർഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ .മൗനം പാലിച്ച് സച്ചിൻ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുര്‍ജര്‍ വിഭാഗം ആവര്‍ത്തിച്ചു.അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റ് ശക്തമാക്കുകയാണ്. ഹൈക്കമാന്‍ഡ് വച്ച് നീട്ടിയ ദേശീയ അധ്യക്ഷ പദവി നിരസിച്ച ഗലോട്ട് മുഖ്യമന്ത്രി കസേര ഒഴിയാന്‍ സന്നദ്ധനുമല്ല. ഡിസംബര്‍ വരെ കാക്കാനാണ് സച്ചിന്‍ പൈലറ്റിന്‍റെ നീക്കമെന്നറിയുന്നു. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തന്‍റെ നിലപാട് രാഹുല് ഗാന്ധിയേയും, പ്രിയങ്കഗാന്ധിയേയും സച്ചിന്‍ പൈലറ്റ് അറിയിച്ചു. യുവാക്കളുടേതടക്കം ആവശ്യം സച്ചിന്‍ വിഭാഗം എഐസിസിക്ക് മുന്‍പിലുമെത്തിച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്ന് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കി . മധ്യപ്രദേശ് കഴിഞ്ഞാല്‍ യാത്ര രാജസ്ഥാനിലേക്ക് കടക്കും. നാല്‍പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള ഗുര്‍ജറുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്. അതേ സമയം ഭൂരിപക്ഷ പിന്തുണയുമായി നില്‍ക്കുന്ന അശോക് ഗലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതില്‍ നേതൃത്വത്തിന് ധാരണയില്ല. അംഗബലമില്ലാത്ത സച്ചിന്‍ ക്യാമ്പിന്‍റെ ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട് എഐസിസി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

മോദി 'പ്രശംസയിൽ' പുകഞ്ഞ് രാജസ്ഥാന്‍ കോണ്‍ഗ്രസ്, സച്ചിനെ പാര്‍ട്ടി അച്ചടക്കം ഓര്‍മ്മപ്പെടുത്തി ഗെലോട്ട്

പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.

'അടുത്ത രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം': സോണിയയുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിൻ പൈലറ്റ്