ദില്ലി: കോൺഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരുന്നു. കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ മുതിർന്ന നേതാക്കൾ നടപടി എടുക്കണമെന്ന് പാർട്ടി നേതാവ് സന്ദീപ് ദീക്ഷിത് തുറന്നടിച്ചു. സന്ദീപ് ദീക്ഷിത്തിൻറെ വാദത്തെ പിന്താങ്ങി ശശി തരൂരും രംഗത്തെത്തി.

അദ്ധ്യക്ഷ സ്ഥാനത്തേക്കില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. ഇടക്കാല അദ്ധ്യക്ഷയായ സോണിയാഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം പാര്‍ടിയിൽ ഇടപെടാനും സാധിക്കുന്നില്ല. ദില്ലിയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷവും കോൺഗ്രസിൽ ഒരനക്കവും കാണുന്നില്ല. ഈ ആശയക്കുഴപ്പം ഉടൻ അവസാനിപ്പിക്കണമെന്ന് ഷീഷാ ദീക്ഷിതിൻറെ മകനായ സന്ദീപ് ദീക്ഷിത് തുറന്നടിച്ചു. രാഹുൽ ഗാന്ധിക്ക് താല്പര്യമില്ലാത്തതിനാൽ ഒരു പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണം. 

തീരുമാനങ്ങൾ വൈകിക്കുന്നത് ചില തീരുമാനങ്ങൾ ഒഴിവാക്കാൻ കൂടിയാണ്. രാജ്യസഭയിൽ എ.കെ.ആന്‍ണിയെയും ചിദംബരത്തെയും അഹമ്മദ് പട്ടേലിനെയും പോലുളള നേതാക്കൾ ഉണ്ടായിട്ടും ഇടപെടുന്നില്ല. കമൽനാഥിനെയും അശോക് ഗലോട്ടിനെയും പോലുള്ള മുഖ്യമന്ത്രിമാരും ഉണ്ട്. ഇവർ കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ആര് പൂച്ചയ്ക്ക് മണികെട്ടും എന്നതാണ് പാർട്ടിയിലെ അവസ്ഥയെന്നും സന്ദീപ് ദീക്ഷിത് ഒരു മാധ്യമത്തോട് പറഞ്ഞു.  

നയത്തിൻറെ കാര്യത്തിൽ പാർട്ടി ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദീക്,ഷിത്തിൻറെ തുറന്നു പറച്ചിൽ. കോൺഗ്രസുകാരുടെയെല്ലാം മനസ്സിലുള്ള കാര്യമാണ് സന്ദീപ് ദീക്ഷിത് പറഞ്ഞതെന്ന് ശശി തരൂർ പ്രതികരിച്ചു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ശക്തിപ്പെടുത്താനുള്ള തീരുമാനം
ഉണ്ടാകണമെന്നും തരൂ‍ർ ട്വിറ്ററിൽ കുറിച്ചു.  രാഹുൽ ഗാന്ധിയെ മടക്കിക്കൊണ്ടുവരാൻ പ്ശീനറി സമ്മേളനം ഏപ്രിലിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസിനുള്ളിലെ അമർഷം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.