ബോളിവുഡ് നടൻ അനുപം ഖേറും തിരുവനന്തപുരം എംപി ഡോ. ശശി തരൂരും തമ്മിലുള്ള ഒരു ചെറിയ വാക്പോരിന് കഴിഞ്ഞ ദിവസം ട്വിറ്റർ സാക്ഷ്യം വഹിച്ചു. 
 
2012 ൽ അനുപം ഖേർ ചെയ്ത ഒരു ട്വീറ്റ്‌ ഇക്കഴിഞ്ഞ ദിവസം തരൂർ റീ ട്വീറ്റ്‌ ചെയ്തിരുന്നു. എഡ്വേർഡ്‌ ആബിയുടെ ഒരു ക്വോട്ടായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്‌. "ഒരു രാജ്യസ്നേഹി എപ്പൊഴും രാജ്യത്തെ അതിന്റെ സർക്കാരിൽ നിന്ന് പ്രതിരോധിക്കാൻ സന്നദ്ധമായിരിക്കണം " എന്നായിരുന്നു അന്ന് അനുപം ഖേർ ട്വീറ്റ് ചെയ്തിരുന്നത്. അതിനോടപ്പം,"ദേശസ്നേഹം എന്നത്‌ രാജ്യത്തെ എപ്പൊഴും സ്നേഹിക്കുകയും ഗവൺമന്റ്‌ അർഹിക്കുമ്പോൾ മാത്രം പിന്തുണയ്ക്കുന്നതുമാണ് " എന്ന മാർക്ക്‌ ട്വെയിന്റെ ക്വോട്ടും ചേർത്തുകൊണ്ട്, താൻ അനുപം ഖേറിനോട് തീർത്തും യോജിക്കുന്നു എന്നു പറഞ്ഞായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

2012 -ൽ യുപിഎ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത്  പെട്രോൾ വിലവർദ്ധനവിനെ ഇടയ്ക്കിടെ വിമർശിച്ചിരുന്ന അനുപം ഖേറിന് ശശി തരൂരിന്റെ ട്വീറ്റിലെ പരിഹാസധ്വനി തികച്ചും ബോധ്യപ്പെട്ടു. 

 

ട്വീറ്റ് കണ്ടപാടെ തന്നെ അനുപം ഖേർ ശശി തരൂരിന് ക്ഷോഭം മറച്ചുപിടിക്കാതുള്ള ഒരു മറുപടിയും എഴുതി. "2012 ലെ ട്വീറ്റിന്  ഇപ്പോൾ മറുപടി എഴുതുന്നത്,‌ തൊഴിലില്ലായ്മയുടെയും തലക്കകത്ത് ആൾതാമസം ഇല്ലായ്മയുടെയും ഏറ്റവും പുതിയ തെളിവു മാത്രമല്ല ഒരു രാഷ്ട്രീയക്കാരന് എത്രത്തോളം തരം താഴാം എന്നതിന്റെ തെളിവുകൂടിയാണെന്ന് ഖേർ ആക്ഷേപിച്ചു. താൻ 2012 -ൽ ആ ട്വീറ്റുകൊണ്ട് ഏത് രാഷ്ട്രീയക്കാരെയാണ് ഉന്നം വെച്ചത്, അവർ ഇന്നും അത്രതന്നെ അഴിമതിക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 

എന്നാൽ, അനുപം ഖേറിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനുള്ള ശശി തരൂരിന്റെ തികച്ചും സഭ്യമായ മറുപടിയും ഒട്ടും വൈകാതെ തന്നെ ഉണ്ടായി.

" 2012 നെ ക്വോട്ട്‌ ചെയ്ത എന്റെ ട്വീറ്റ്‌ 'തരം താഴലാ'ണെങ്കിൽ, എന്തിനുമേതിനും 1962-നെയും 75 നെയും 84 നെയും മാത്രം ക്വോട്ട്‌ ചെയ്യുന്ന ഒരു ഗവൺമെന്റിനെപ്പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. അതും തൊഴിലില്ലായ്മയുടെയും തലക്കകത്ത് ആൾതാമസം ഇല്ലായ്മയുടെയും ഏറ്റവും പുതിയ തെളിവായി കണക്കാക്കാനാകുമോ? എന്റെ ഈ ട്വീറ്റ് ആരെ ഉന്നം വെച്ചാണോ അവർ ഇന്നും തങ്ങളുടെ കഴിവുകേട് അതിർത്തിയിൽ കാണിച്ചുകൊണ്ടിരിക്കുകയാണ്. " എന്നായിരുന്നു ഉരുളക്കുപ്പേരിപോലുള്ള തരൂരിന്റെ മറുപടി. 

ഈ ട്വിറ്റർ പോരിൽ ശശി തരൂരിന് മുന്നിൽ അനുപം ഖേറിന് അടിപതറി എന്നഭിപ്രായപ്പെട്ടുകൊണ്ട് നിരവധി പേർ ഈ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയുണ്ടായി.