Asianet News MalayalamAsianet News Malayalam

'സദാചാര പൊലീസിംഗ് നടത്തിയിട്ടില്ല';വ്യായാമം ചെയ്യാനെത്തിയ നടിക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ്

വലിയ ശബ്ദത്തില്‍ പാട്ട് വച്ച് മൂന്ന് പെണ്‍കുട്ടികള്‍ അലോസരമുണ്ടാക്കുന്നുവെന്നാ പരാതിയെ തുടര്‍ന്നായിരുന്നു പാര്‍ക്കിലെത്തിയത്. രണ്ട് ഭാഗത്തുള്ളവരോട് ക്ഷമാപണം നടത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുകൂട്ടരും തയ്യാറായില്ല. നടിയുടെ വസ്ത്രധാരണത്തിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കവിതാ റെഡ്ഡി

wasnt moral policing says Karnataka congress leader Kavitha Reddy in park controversy with actress Samyuktha Hegde
Author
Bengaluru, First Published Sep 7, 2020, 12:42 PM IST

ബെംഗലുരു: വ്യായാമം ചെയ്യാനായി പാര്‍ക്കിലെത്തിയ സിനിമാ താരത്തെ വസ്ത്രധാരണത്തിന്‍റെ പേരില്‍  കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി ആക്ടിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ കവിതാ റെഡ്ഡി. സദാചാരപൊലീസിംഗിന് വിധേയമായെന്ന പേരില്‍ കന്നട നടി സംയുക്ത ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയ കന്നട നടി സംയുക്ത ഹെഗ്ഡേയെയും സുഹൃത്തുക്കള്‍ക്കളെയും നാട്ടുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് താരം സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടത്. ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന നടി പൊതുഇടത്തില്‍ അശ്ലീല വേഷത്തിലെത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ കയ്യേറ്റശ്രമമെന്നായിരുന്നു സംയുക്ത സംഭവത്തേക്കുറിച്ച് പറഞ്ഞത്.  

ബെംഗലുരുവിലെ തടാകങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കവിതാ റെഡ്ഡിയെ സംഭവ ദിവസം പാര്‍ക്കിന്‍റെ പരിപാലന ചുമതലയുള്ളവര്‍ അവിടേയ്ക്ക് വിളിക്കുകയായിരുന്നു. വലിയ ശബ്ദത്തില്‍ പാട്ട് വച്ച് മൂന്ന് പെണ്‍കുട്ടികള്‍ സ്ഥിരമായി പാര്‍ക്കിലെത്തുന്നവര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നായിരുന്നു പാര്‍ക്കിന്‍റെ സംരക്ഷണ ചുമതലയുണ്ടായിരുന്നവര്‍ കവിതയെ അറിയിച്ചത്. താന്‍ പാര്‍ക്കിലെത്തുമ്പോള്‍ തന്നെ പരസ്പരം പോര്‍ വിളി വരെയെത്തിയിരുന്നു കാര്യങ്ങളെന്നും, ഇരു ഭാഗങ്ങളിലേക്കും ചീത്ത വിളി നടന്നുവെന്നും കവിത് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ചുമതലയുള്ളവരേയും സംയുക്തയുടേയും സുഹൃത്തുക്കളെ വിളിച്ച് പരസ്പരം ക്ഷമാപണം നടത്തി പിരിഞ്ഞ് പോകാനായിരുന്നു കവിത ആവശ്യപ്പെട്ടത്. ഇവരുടെ വസ്ത്രധാരണത്തേക്കുറിച്ച് താന്‍ പരാമര്‍ശിച്ചില്ലെന്നും കവിത വ്യക്തമാക്കുന്നു. നിരവധിയാളുകള്‍ അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന വേഷങ്ങളില്‍ വ്യായാമം ചെയ്യാനായി എത്തുന്ന സ്ഥലമാണ് അഗരാ തടാകത്തിന് സമീപത്തെ ഈ പാര്‍ക്കെന്നും ഇവിടെ താന്‍ സദാചാര പൊലീസിംഗ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കവിത പറയുന്നു.

ക്ഷമാപണം നടത്താന്‍ ഇരുകൂട്ടരും തയ്യാറാവാതെ വരുകയും സംഭവം കൂടുതല്‍ രൂക്ഷമാവുകയും ചെയ്യുകയായിരുന്നുവെന്നാണ് കവിത റെഡ്ഡി പറയുന്നത്. പ്രശ്നം അവസാനിപ്പിക്കാനായി ശ്രമിച്ച തനിക്കെതിരെ സംയുക്ത അസഭ്യവാക്കുകള്‍ ഉപയോഗിച്ചെന്നും കവിത റെഡ്ഡി വിശദമാക്കുന്നു. സംയുക്തയുടെ ലൈവ് വീഡിയോ വിലകുറഞ്ഞ പ്രസിദ്ധിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും കവിതാ റെഡ്ഡി പറയുന്നു. സദാചാര പൊലീസിംഗിനോട് എല്ലാക്കാലവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും വാക്കേറ്റത്തില്‍ ചില സമയത്ത് തനിക്ക് നിയന്ത്രണം വിട്ടതില്‍ ഖേദമുണ്ടെന്നും അതിന് സംയുക്തയോട് ക്ഷമാപണം നടത്തുന്നുവെന്നും കവിതാ റെഡ്ഡി ട്വീറ്റര്‍ വീഡിയോയില്‍ പറയു്നനു. 

Follow Us:
Download App:
  • android
  • ios