ഐപിഎല്‍ ആവേശത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുമായി ഇലക്ഷന്‍ കമ്മീഷന്‍, സ്റ്റാറായി സഞ്ജു സാംസണ്‍ 

ജയ്‌പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ട് ചെയ്യാന്‍ പൗരന്‍മാരോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ച് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ബാറ്റര്‍ റിയാന്‍ പരാഗ്, സ്‌പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറെല്‍ എന്നിവരുമുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് താരങ്ങള്‍ പറഞ്ഞു. റണ്‍സ് പോലെ പ്രധാനപ്പെട്ടതാണ് ഓരോ വോട്ടും എന്നാണ് വീഡിയോയില്‍ സഞ്ജു സാംസണിന്‍റെ വാക്കുകള്‍. 

രാജസ്ഥാന്‍ സംസ്ഥാനത്തിന്‍റെയും രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ടീമിന്‍റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഒരു മിനുറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമീണ ജീവിതവും രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായ സവായി മാന് സിംഗ് സ്റ്റേഡിയത്തിലെ വിശേഷങ്ങളും ടീം ക്യാംപിലെ കാഴ്‌ചകളും വീഡിയോയെ ആകര്‍ഷകമാക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വീഡിയോയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരുന്നു. 'ഈ സാലാ കപ്പ് നംദേ' എന്ന തലക്കെട്ടോടെയായിരുന്നു ആര്‍സിബിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. 

Scroll to load tweet…

പതിനെട്ടാം ലോക്സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1ന് അവസാനിക്കും. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 97 കോടിയിലധികം വോട്ടര്‍മാരാണ് ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ യോഗ്യരായിട്ടുള്ളത്. 

Scroll to load tweet…

Read more: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അണിനിരന്ന് 41 ലക്ഷം സ്ത്രീകള്‍; റെക്കോര്‍ഡ്, ചരിത്രമെഴുതി അസം