ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയോ ഗാന്ധിയുടെ വീഡിയോ സന്ദേശം പുറത്തിറക്കി കോണ്‍ഗ്രസ്. ജനങ്ങള്‍ കാട്ടുന്ന ജാഗ്രതയ്ക്ക് കയ്യടിച്ച സോണിയ എല്ലാവരും വീടുകളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് 19 മഹാമാരിയെ ഇന്ത്യയ്ക്ക് അതിവേഗം മറികടക്കാനാകും എന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. 

മഹാമാരിയുടെ ഘട്ടത്തില്‍ സ്വന്തം സുരക്ഷ പോലും മറന്ന് കരുത്തോടെ പോരാടുന്ന ഡോക്ടർമാർ, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെ സോണിയ ഗാന്ധി പ്രശംസിച്ചു. രാജ്യത്ത് ചിലയിടങ്ങളില്‍ ഡോക്ടർമാർക്ക് നേരെ നടന്ന അക്രമങ്ങളെ സോണിയ അപലപിച്ചു. ഡോക്ടർമാർക്കെതിരായ അതിക്രമം തെറ്റാണെന്നും നമ്മുടെ സംസ്ക്കാരം അനുവദിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കി. 

Read more: ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ, വിഷു ആശംസകളുമായി പ്രധാനമന്ത്രി

എല്ലാവരും വീടുകളില്‍ കഴിയണമെന്നും അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വീടുവിട്ടിറങ്ങാവൂ എന്നും സോണിയ ആവശ്യപ്പെട്ടു. 'വീടുകളില്‍ കഴിയുക. കൈകള്‍ നിരന്തരം കഴുകുക. മാസ്ക് ധരിക്കുക. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ഏവരും സഹകരിക്കുക. കൊവിഡിനെ നേരിടാന്‍ എന്ത് സഹായം ചെയ്യാനും കോണ്‍ഗ്രസും പ്രവർത്തകരും തയ്യാറാണ്' എന്നുമായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ വാക്കുകള്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10നാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്ര മാര്‍ഗനിര്‍ദേശം മോദി പുറപ്പെടുവിക്കും. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും. ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.

Read more: ഇന്ന് രാവിലെ 10ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുണ്ടാകുമോ?

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക