ചെന്നൈ: കേരളം നൽകാമെന്നേറ്റ കുടിവെള്ളം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. അഴിമതിക്ക് സാധ്യതയില്ലാത്തതു കൊണ്ടാണ് കേരളത്തിന്റെ സഹായവാ​ഗ്‍ദാനം തമിഴ്നാട് സർക്കാർ നിരസിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.  
 
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന്റെ സഹായ വാ​ഗ്‍ദാനം നിരസിച്ചതിനെതിരെയാണ് തമിഴ്നാട് സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ രം​ഗത്തെത്തിയത്. തമിഴ്‌നാടിന്റെ ദുരവസ്ഥ കണ്ടാണ് കേരളം സഹായത്തിന് തയ്യാറായത്. ജോലാർപേട്ടിൽ നിന്ന് വെള്ളം കൊണ്ട് വരാനുള്ള നീക്കം അഴിമതി നടത്താൻ മാത്രമാണ്. കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് ശാശ്വതപരിഹാരമെന്നും സ്റ്റാലിൻ പറഞ്ഞു.