ലക്നൗ: അഹമ്മദാബാദിലെ മതില്‍ നിര്‍മ്മാണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലും ഒരുക്കങ്ങള്‍ നടത്തി സര്‍ക്കാര്‍.  യമുനാ നദിയിലേക്ക് ഒരു സെക്കന്‍റില്‍ 500 ഘനയടി വെള്ളം എന്ന തോതില്‍ ഒഴുക്കി വിടുകയാണ് ഉത്തര്‍പ്രദേശിലെ ജലസേചന വിഭാഗം. 

ബുലന്ദ്ഷഹറിലെ ഗംഗാനഹറില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്. യമുനയുടെ 'പാരിസ്ഥിതിക സ്ഥിതി' ഉയര്‍ത്താനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി 24 വരെ നിശ്ചിത അളവില്‍ വെള്ളം യമുനയില്‍ നിലനിര്‍ത്താനാണ് തീരുമാനം. 

''സെക്കന്‍റില്‍ 500ഘനയടി വെള്ളം ഒഴുക്കി വിടുന്നതോടെ യമുനയിലെ മലിനീകരണം നിയന്ത്രിക്കാനാകും. ഇത് യമുന, മഥുര, ആഗ്ര എന്നിവിടങ്ങളിലെ ഒക്സിജന്‍ ലെവല്‍ കൂടും. ഈ നടപടി ചിലപ്പോള്‍ യമുനയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ സഹായകമായേക്കും. മാത്രമല്ല നദിയില്‍ നിന്നുള്ള വെള്ളത്തിന്‍റെ ദുര്‍ഗന്ധവും കുറയും.'' - ജലസേനചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍  ധര്‍മേന്ദര്‍ സിംഗ് ഫോഗറ്റ് പറഞ്ഞു. 

ഫെബ്രുവരി 24നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്. പ്രധാനമായും ദില്ലിയിലാണ് ട്രംപ് സന്ദര്‍ശനം നടത്തുക. മറ്റ് നഗരങ്ങളും ട്രംപ് കുറഞ്ഞ സമയത്തിനുള്ളില്‍ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും മോദി സന്ദര്‍ശിക്കും.