സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.
ന്യൂഡൽഹി: ലഡാക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട സംഭവത്തിൽ ക്ഷമാപണം നടത്തി യുവതി. ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലാണ് ലഡാക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സുരക്ഷാ കാരണങ്ങളാൽ റോഡ് അടച്ചതിനെത്തുടർന്നാണ് യുവതി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. ഞങ്ങൾ ജെൻസീയാണെന്നും ഈ അസംബന്ധങ്ങൾ ഞങ്ങൾ ഒരിക്കലും സഹിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു. ഈ വാക്കുകളും യുവതിയുടെ ദൃശ്യങ്ങളുമാണ് പിന്നീട് വ്യാപക വിമർശനത്തിനിടയാക്കിയത്. സംഭവത്തിൽ വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് 25-കാരി ക്ഷമാപണവുമായി രംഗത്തെത്തിയത്.
ജൂലായ് 26-ന് കാർഗിൽ വിജയ് ദിവസ് ദിനത്തിൽ ദ്രാസിലെ മിനിമാർഗ് ചെക്പോസ്റ്റിന് സമീപത്തായാണ് ഈ സംഭവമുണ്ടായത്. സുരക്ഷാകാരണങ്ങളാൽ മേഖലയിലെ റോഡ് ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെയാണ് വിനോദസഞ്ചാരിയായ 25-കാരി സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. സംഭവസമയത്ത് ഒരു മന്ത്രിയുടെ വാഹനമടക്കം സുരക്ഷാ ഉദ്യോഗസ്ഥർ കയറ്റിവിട്ടതോടെയാണ് താൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം, രോഗി കൂടിയായ തനിക്ക് ശുചിമുറിയിൽ പോലും പോകാൻ കഴിയാതെ ആറുമണിക്കൂറോളം റോഡിൽ കിടക്കേണ്ടിവന്നെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നുണ്ടായ കടുത്ത നിരാശയിലാണ് അങ്ങനെയെല്ലാം സംഭവിച്ചത്. പക്ഷേ, താൻ പറഞ്ഞത് തെറ്റായിപ്പോയി. താൻ ഒരു സാധാരണക്കാരിയാണ്. ഇത് ഇത്രത്തോളം വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു. ഇതിനുശേഷം കടുത്ത വിഷാദത്തിലായി. രാജ്യത്തെ എല്ലാവരോടും ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയോടും താൻ മാപ്പ് ചോദിക്കുന്നു. തന്റെ വാക്കുകൾ അനേകംപേരെ വേദനിപ്പിച്ചതിൽ തനിക്ക് വിഷമമുണ്ടെന്നും യുവതി പറഞ്ഞു.
ഞങ്ങൾ ജെൻസീ ആണെന്ന പ്രയോഗം സ്വാഭാവികമായി വന്നുപോയതാണെന്നും യുവതി കൂട്ടിച്ചേർത്തു. അവിടെയുണ്ടായിരുന്നവർ പലതും പറഞ്ഞ് പ്രകോപിപ്പിച്ചപ്പോൾ അങ്ങനെ പറഞ്ഞുപോയതാണ്. ആ പ്രയോഗം എങ്ങനെ വന്നുവെന്ന് പോലും തനിക്കറിയില്ല. അബദ്ധവശാൽ പറഞ്ഞുപോയതാണ്. ജെൻസീയെ പരാമർശിച്ച് എന്തെങ്കിലും പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു.


