ദില്ലി: ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത റാം ഭക്ത് ഗോപാലിനെ തടയാന്‍ ആവശ്യപ്പെട്ടിട്ടും ദില്ലി പൊലീസ് നോക്കിനിന്നുവെന്ന് ദൃക്സാക്ഷികള്‍.  രാം ഭക്ത് ഗോപാലിന്‍റെ  വെടിവയ്പ്പില്‍ ഒന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥിയെ എയിംസിലെ ട്രോമ കെയര്‍ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. 

സംഭവത്തില്‍ കാഴ്ചക്കാരായി പ്രദേശത്തുണ്ടാകുന്നവരുടെയെല്ലാം  വെളിപ്പെടുത്തലുകള്‍ ദില്ലി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. തോക്കുമായി അയാള്‍ അവിടെയുണ്ടായിരുന്നു, ഹോളി ഫാമിലി ആശുപത്രി ഭാഗത്തേക്ക് നടന്നുപോകുന്നുണ്ട്. ബാരിക്കേഡിനടുത്തായി എല്ലാ പൊലീസുകാരും അവിടെയുണ്ട്. അയാളെ തടയാന്‍ പൊലീസിനോട് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. 

അവര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു. അയാളെ സമാധാനിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, പക്ഷെ അയാള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. അത് ശദാദിന്‍റെ കാലില്‍ കൊള്ളുകയും ചെയ്തു. അയാളെ തടയാന്‍ ഞങ്ങളെല്ലാവരും അട്ടഹസിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികളും കണ്ടുനിന്നവരും പറഞ്ഞതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വെടിയുതിര്‍ത്ത ശേഷം അയാള്‍ നടന്നുപോകുന്നതും ദില്ലി പൊലീസിന് ജയ് വിളിക്കുന്നതും കാണാമായിരുന്നു.'ആര്‍ക്കാണ് ആസാദി വേണ്ടത്, ഞാന്‍ തരാം ആസാദി എന്ന് ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും ദില്ലി പൊലീസ് ബാരിക്കേടിനോട് ചേര്‍ന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ ആരോപിക്കുന്നു.