നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്നലത്തെ ആയുധങ്ങൾ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ല. നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയല്ല വേണ്ടതെന്നും പ്രതിരോധ രംഗത്ത് ആധുനിക വത്കരണം നടപ്പാക്കണമെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.
ആളില്ലാ വിമാനം, ആളില്ലാ വിമാന പ്രതിരോധ സംവിധാനം എന്നിവയുടെ തദ്ദേശീയവൽക്കരണത്തെക്കുറിച്ച് ദില്ലിയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക ആയുധങ്ങൾക്കുൾപ്പെടെ വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യയോടുള്ള ആശ്രിതത്വം നമ്മളെ ദുർബലമാക്കുമെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ പല മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും അതെല്ലാം നിർവീര്യമാക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
