Asianet News MalayalamAsianet News Malayalam

'സഞ്ജീവ് ഭട്ടിന്‍റെ നീതിക്കായി അവസാന ശ്വാസം വരെ പോരാടും'; പിന്തുണ തേടി ഭാര്യ ശ്വേതാ ഭട്ടിന്‍റെ ഹൃദയം തൊടുന്ന കുറിപ്പുകള്‍

1990ല്‍ നടന്ന കസ്റ്റഡി മരണം പൊലീസ് മര്‍ദനം മൂലമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസിന്‍റെയും സംഭവത്തിന്‍റെയും മുഴുവന്‍ വിവരങ്ങളും ശ്വേതാ ഭട്ട് പങ്കുവച്ചിട്ടുണ്ട്. ശ്വേതയുടെ ഫേസ്ബുക്കിന് കമന്‍റായി മലയാളികളടക്കമുള്ളവര്‍ നിയമപോരാട്ടത്തിന് സാമ്പത്തിക സഹായം വാദ്ഗാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 

we shall fight till last breath-shweta bhatt
Author
New Delhi, First Published Jun 22, 2019, 2:02 AM IST

ദില്ലി: കഴിഞ്ഞ ദിവസം ജാംനഗര്‍ സെഷന്‍സ് കോര്‍ട്ട് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി ലഭ്യമാക്കാന്‍ പിന്തുണ തേടി ഭാര്യ ശ്വേതാ ഭട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ജൂണ്‍ 20, 21 തീയതികളിലായി രണ്ട് കുറിപ്പുകളാണ് ശ്വേത, സഞ്ജീവ് ഭട്ടിന്‍റെ ഫേസ്ബുക്ക് പേജില്‍നിന്ന് ഷെയര്‍ ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യന്‍റെ നീതിക്കായി അന്ത്യശ്വാസം വരെ ഞങ്ങള്‍ പോരാടുമെന്ന് ശ്വേത എഴുതി.

പക്ഷേ ഒരു കാര്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഈ മനുഷ്യന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കാകുമോ അതോ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിലെ ജനം അവര്‍ക്കു വേണ്ടി പോരാടിയ മനുഷ്യന്‍റെ നീതിക്കുവേണ്ടി കൂടെ നില്‍ക്കുമോ എന്നതാണത്. നിങ്ങളുടെ പിന്തുണ എപ്പോഴും പ്രചോദനമാണ്. എന്നാല്‍, പ്രവൃത്തിയില്ലാത്ത പിന്തുണ വ്യര്‍ഥവുമാണ്. രാജ്യത്തെയും ജനത്തെയും സത്യസന്ധമായി സേവിച്ച ഒരു മനുഷ്യനെ നീതിയുടെ അസംബന്ധ നാടകത്തിന് വിട്ടു നല്‍കിയാല്‍ നിങ്ങളുടെ പിന്തുണക്ക് അര്‍ത്ഥമില്ലാതാകും- ശ്വേത വ്യക്തമാക്കി.

ഐപിഎസ് അസോസിയേഷനെയും ശ്വേത രൂക്ഷമായി വിമര്‍ശിച്ചു. ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായി നിലകൊണ്ടതില്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചു. നിങ്ങള്‍ അയാളുടെ കൂടെ നില്‍ക്കുകയോ ആ മനുഷ്യനെ(സ‍ഞ്ജീവ് ഭട്ടിനെ) സംരക്ഷിക്കുകയോ ചെയ്തില്ല. പ്രതികാരം ചെയ്യുന്ന സര്‍ക്കാറിനെതിരെ അദ്ദേഹത്തിന്‍റെ പോരാട്ടം ഒറ്റക്കായിരുന്നു. ഒരു രാജ്യമെന്ന നിലയില്‍ ഇരുണ്ടകാലത്തിലൂടെ നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കാര്യമറിയാതെ അഭിപ്രായം പറയുന്നവര്‍ക്കായി കേസിന്‍റെ എല്ലാ വിവരങ്ങളും ഞാന്‍ നല്‍കുന്നു. അര്‍പ്പണ ബോധത്തോടെയും നീതിയോടെയും ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ശിക്ഷിച്ചതിലൂടെ നീതി തോറ്റത് എങ്ങനെയാണെന്ന് ഈ വിവരങ്ങളിലൂടെ നിങ്ങളുടെ കണ്ണുതുറപ്പിക്കുമെന്ന് എനിക്കുറപ്പാണ്. 

സ‍ഞ്ജീവ് ഭട്ടിനെ ശിക്ഷിക്കാന്‍ കാരണമായ 1990ല്‍ നടന്ന കസ്റ്റഡി മരണം പൊലീസ് മര്‍ദനം മൂലമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസിന്‍റെയും സംഭവത്തിന്‍റെയും മുഴുവന്‍ വിവരങ്ങളും ശ്വേതാ ഭട്ട് പങ്കുവച്ചിട്ടുണ്ട്. ശ്വേതയുടെ ഫേസ്ബുക്കിന് കമന്‍റായി മലയാളികളടക്കമുള്ളവര്‍ നിയമപോരാട്ടത്തിന് സാമ്പത്തിക സഹായം വാദ്ഗാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 29 വര്‍ഷം മുമ്പ് ജാംനഗര്‍ അഡീഷണല്‍ എസ്പിയായിരിക്കെ നടന്ന കസ്റ്റഡി മരണത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിന്നീട് 2011ല്‍ അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കി. സര്‍വീസില്‍നിന്ന് ഒഴിവാക്കിയ ശേഷവും മോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios