ബരാസത്(ബംഗാള്‍): ബംഗാളില്‍ അനധികൃതമായി കുടിയേറിയ ഒരുകോടി ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബംഗാളിലെ ഒരു കോടി ബംഗ്ലാദേശികളെ തിരിച്ചയക്കുമെന്നും ദിലിപ് ഘോഷ് പറഞ്ഞു. 24 നോര്‍ത്ത് പര്‍ഗണാസ് ജില്ലയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലിപ് ഘോഷ്. ബംഗാളിലെ അനധികൃത മുസ്ലീങ്ങള്‍ സര്‍ക്കാറിന്‍റെ രണ്ട് രൂപ സബ്സിഡി അരി തിന്ന് കൊഴുക്കുകയാണ്. അവരെ ഞങ്ങള്‍ തിരിച്ചയക്കും.

സംസ്ഥാനത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ഇവരാണ് കാരണം. മതാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പശ്ചാതാപമില്ല. സിഎഎ എതിര്‍ക്കുന്നവര്‍ ഇന്ത്യാ വിരുദ്ധരും ബംഗാള്‍ വിരുദ്ധരുമാണ്. ഇന്ത്യ എന്ന ആശയത്തിന് എതിര് നില്‍ക്കുന്നവരാണ് സിഎഎയെ എതിര്‍ക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. അനധികൃതമായി കുടിയേറിയ മുസ്ലീങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ ഹിന്ദുക്കളെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഇരട്ടത്താപ്പാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി 50 സീറ്റിലൊതുങ്ങുമെന്നും ദിലിപ് ഘോഷ് പറഞ്ഞു. 

മുമ്പും ദിലിപ് ഘോഷ് സിഎഎ വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 'അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി'യെന്നായിരുന്നു ദിലിപ് ഘോഷിന്‍റെ പരാമര്‍ശം.  മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ബിജെപി നേതാവ് ശ്രമിച്ചെന്നും ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.