ബെംഗളുരു: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിക്കുമെന്ന് ബിജെപി എംപി രാജിവ് ചന്ദ്രശേഖര്‍. ഈ നിര്‍ണായക സമയത്ത് പ്രശ്നം പരിഹരിക്കാന്‍ നമ്മുക്ക് വീട്ടിലിരിക്കാം, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോട് നമ്മുക്ക് വീട്ടിലിരുന്ന് സഹകരിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ എം പി പറഞ്ഞു. 

അതിര്‍ത്തി കടന്നെത്തിയ ഈ വൈറസ് മറ്റ് പല രാജ്യങ്ങളെപ്പോലെ തന്നെ നമ്മളെയും സാരമായി ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നിത്യജീവിതം, സാമ്പത്തിക സ്ഥിതി, ആരോഗ്യം എന്നിവയ്ക്കെല്ലാം കൊറോണ വൈറസ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വീടുകളില്‍ തന്നെ ഇരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ വീടുകളില്‍ ഇരിക്കുന്നത് മാത്രമാണ് ഈ വൈറസ് ബാധയുടെ വ്യാപനം തടയാന്‍ സഹായകമായുളളത്. 

പലമേഖലയിലും നേരിടുന്ന പ്രശ്നങ്ങളെ വളരെ നയപരമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ധനകാര്യ മന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് സാധാരണക്കാര്‍ക്ക് സഹായകരമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കി. ലോക്ക് ഡൌണ്‍ സമയത്ത് ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരുണ്ടാകും. 21 ദിവസത്തെ ലോക്ക് ഡൌണ്‍ കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ അത്യാവശ്യമാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ എം പി കൂട്ടിച്ചേര്‍ത്തു.