ഈ ആഴ്ച വാർത്തകളിൽ നിറയാൻ പോകുന്ന സംഭവങ്ങൾ, ഒപ്പം വിനോദ, കായിക, ടെക്നോളജി, ഓട്ടോമൊബൈൽ മേഖലകളിൽ ഈ ആഴ്ച എന്തെല്ലാം സംഭവിക്കും- അറിയാം ഒറ്റ നോട്ടത്തിൽ

നവംബർ ആദ്യവാരം രാഷ്ട്രീയ, സിനിമാ, കായിക ലോകം നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ, കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപനമുണ്ടാകും. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അടുത്ത ദിവസം നടക്കാനിരിക്കെ നേട്ടം കൊയ്യുക സൂപ്പർ താരങ്ങളോ യുവതാരങ്ങളോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആര് കപ്പുയർത്തുമെന്ന് ഇന്നറിയാം. കൂടാതെ ഐഎസ്ആർഒയുടെ നിർണായക വിക്ഷേപണവും ഈ വാരത്തിൽ നടക്കാനിരിക്കുന്ന പ്രധാന സംഭവമാണ്.

പ്രധാനപ്പെട്ട വാര്‍ത്തകൾ

ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പ്- നവംബർ 6

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 6ന്. പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പറ്റ്നയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുണ്ട്. മഹാസഖ്യത്തിനായി വോട്ട് പിടിക്കാൻ തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് സജീവമാണ്.

കേരളം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവും. നവംബർ അഞ്ചിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഡിസംബർ 5-നും 15-നും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. തിരുവനന്തപുരത്ത് ശബരിനാഥനെ ഉൾപ്പെടെ കോണ്‍​ഗ്രസ് രം​ഗത്തിറക്കുമെന്നാണ് റിപ്പോ‍ർട്ട്. ദീപക്, സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വി വി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.

ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദ‍ർശനം

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നവംബർ 3, 4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 4ന് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കും.

ഉമ‍ർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധിയുണ്ടായേക്കും

ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച ദില്ലി പൊലീസിനെ സുപ്രീംകോടതി വിമർശിച്ചു. ഇനി സമയം നീട്ടി നൽകില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ച് വർഷമായി പ്രതികൾ ജയിലിൽ ആണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നവംബ‍ർ മൂന്നിന് കോടതി വീണ്ടും ഹ‍ർജി പരി​ഗണിക്കും.

കലാപകലുഷിതം ടാൻസാനിയ, സുഡാൻ

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള ടാൻസാനിയയിൽ സ്ഥിതി രൂക്ഷമായതോടെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്. സുഡാനിൽ നിന്ന് പുറത്തുവരുന്നതും മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ആഭ്യന്തര കലാപത്തിനിടെ കുട്ടികളടക്കം 2000 പേരെ നിരത്തി നിർത്തി വെടിവെച്ച് കൊന്നു. ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. അതിനിടെ ബ്രിട്ടനെ ഞെട്ടിച്ച് ട്രെയിനിൽ യാത്രക്കാ‍ർക്ക് നേരെ കത്തി ആക്രമണമുണ്ടായി. പിന്നിലാര് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

വിനോദ ലോകത്തെ പ്രധാന വാ‍‍ർത്തകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം- നവംബർ 3

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നവംബർ 3ന് പ്രഖ്യാപിക്കും. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനക്ക് വന്നു എന്നാണ് സൂചന. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, നസ്ലൻ എന്നിവർ മികച്ച നടന്മാരുടെ പട്ടികയിൽ. നസ്രിയ നസീം, അനശ്വരാ രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി, കനി കുസൃതി, ദിവ്യപ്രഭ എന്നീ പേരുകൾക്കൊപ്പം ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ, അംഅ എന്ന സിനിമയുമായി ശ്രുതി ജയൻ, മീരാ വാസുദേവ് എന്നിവരുടെ പേരുകൾ നടിമാരുടെ വിഭാഗത്തിലും ഉണ്ട്.

ഇന്നസെന്റ് റിലീസ് - നവംബർ 7

മന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നവംബർ 7ന് തിയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സതീഷ് തൻവി ആണ് സംവിധാനം.

ജന്മദിനം

ഷാരൂഖ് ഖാൻ- നവംബർ 2

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ പിറന്നാൾ നവംബർ 2ന് ആണ്. മീർ താജ് മുഹമ്മദ് ഖാന്റെയും ലത്തീഫ് ഫാത്തിമ ഖാന്റെയും മകനായി 1965ൽ ആയിരുന്നു ഷാരൂഖ് ഖാന്റെ ജനനം. നിരവധി ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് ബോളിവുഡിന്റെ കിങ് ഖാനായി വളർന്ന ഷാരൂഖിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ജവാൻ ആണ്.

കുഞ്ചാക്കോ ബോബൻ- നവംബർ 2

ചോക്ലേറ്റ് നായകനിൽ നിന്നും ക്യാരക്ടർ റോളുകൾ ചെയ്ത് മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ നവംബർ 2നാണ്. 1976ൽ ബോബൻ കുഞ്ചാക്കോയുടേയും മോളിയുടേയും മകനായി ജനിച്ച ചാക്കോച്ചൻ അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം കണ്ടെത്തി.

കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ (നവംബര്‍ 2)

ഐസിസി ഏകദിന വനിതാ ലോകകപ്പ് ഫൈനലില്‍ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നവി മുംബൈയിലാണ് മത്സരം. കന്നിക്കിരീടമാണ് ഇരു ടീമും ലക്ഷ്യമിടുന്നത്.

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 (നവംബര്‍ 2)

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഹൊബാര്‍ട്ടില്‍ നടക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ജയിച്ചിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി20 (നവംബര്‍ 6)

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി20 മത്സരത്തിന് വ്യാഴാഴ്ച്ച ഗോള്‍ഡ് കോസ്റ്റിലെ ബില്‍ പിപ്പന്‍ ഓവല്‍ വേദിയാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം.

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 (നവംബര്‍ 8)

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരത്തിന് ശനിയാഴ്ച്ച ബ്രിസ്ബേനിലെ ഗാബ വേദിയാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം.

പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര (നവംബര്‍ 4)

പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നവംബര്‍ 4ന് ഫൈസലാബാദില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം നവംബര്‍ ആറിനും മൂന്നാം ഏകദിനം നവംബര്‍ എട്ടിനും നടക്കും.

ജന്മദിനം

നവംബര്‍-5 വിരാട് കോലി

നവംബര്‍-8 തിലക് വര്‍മ

ടെക്നോളജി

നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് 03യെയാണ് ഐഎസ്ആർഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്.

ഓട്ടോമൊബൈൽ

പുതിയ ഹ്യുണ്ടായി വെന്യു ലോഞ്ച് (നവംബർ 4)

ഹ്യുണ്ടായി ഇന്ത്യ നവംബർ നാലിന് പുതിയ വെന്യു പുറത്തിറക്കും. ഇന്ത്യയിൽ പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷമാണ് ഹ്യുണ്ടായി വെന്യുവിന് ഒരു തലമുറമാറ്റം ലഭിക്കുന്നത്.