തിരുവനന്തപുരം: ദുരിതത്തിന്‍റെയും മഹാമാരിയുടെയുംകാലത്തിന് ശേഷം പ്രതീക്ഷയായി 2021 പിറന്നു. കൊവിഡ് നിയന്ത്രണങ്ങളാല്‍ സംസ്ഥാനത്തും രാജ്യത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷത്തിന്‍റെ പിറവിയുണ്ടായത്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ 10മണിവരെ മാത്രം എന്ന നിര്‍ദേശം ഉള്ളതിനാല്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും നടന്നില്ല. എങ്കിലും പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും ആളുകള്‍ വീട്ടില്‍ പുതുവത്സരത്തെ സ്വാഗതം ചെയ്തു.

സംസ്ഥാനത്തെ ബീച്ചുകളും മറ്റും കൊവിഡ് പ്രോട്ടോകോളിനെ തുടര്‍ന്ന് ശൂന്യമായിരുന്നു. കാര്‍ണിവല്‍ അടക്കം നടന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നത് ആഘോഷമാക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ബീച്ച് ശൂന്യമായിരുന്നു. നഗരങ്ങളിലെ ഡിജെ പാര്‍ട്ടികളും മറ്റും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. 

രാജ്യത്തെ വിവിധ നഗരങ്ങളിലും ആഘോഷങ്ങള്‍ നടന്നെങ്കിലും വളരെ നിറം മങ്ങിയ അവസ്ഥയിലായിരുന്നു. പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. . പസഫിക്ക് സമുദ്രത്തിലെ ടോംഹ, സമോബ, കിരിബാത്തി എന്നീ ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. ന്യൂസിലാൻഡിലും, ഓസ്ട്രേലിയിലും പുതുവർഷമെത്തി. സാധാരണ എറ്റവും നിറമേറിയ ആഘോഷങ്ങൾ നടക്കുന്ന ഓസ്ട്രേലിയലിലടക്കം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവർഷ ആഘോഷം. 

കഴിഞ്ഞ വര്‍ഷം ദുരിതങ്ങള്‍ തീര്‍ത്തുവെങ്കില്‍ കൊവിഡ് വാക്സിൻ തരുന്ന പ്രതീക്ഷയിൽ അടച്ചുപൂട്ടലുകളിൽ നിന്ന് സ്വതന്ത്രമാകുന്ന വർഷമായിരിക്കും 2021 എന്ന പ്രതീക്ഷയിലാണ് ലോകം.