ചെന്നൈ: ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങിനെ വരവേല്‍ക്കാനൊരുങ്ങി മഹാബലിപുരം. വ്യത്യസ്തമായ സജ്ജീകരണങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. 18 തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള പ്രവേശനകവാടമാണ് മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിലെ 200-ഓളം ജീവനക്കാര്‍ 10 മണിക്കൂര്‍ കൊണ്ടാണ് കവാടം നിര്‍മ്മിച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭഗങ്ങളിലുള്ള കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച ജൈവ പച്ചക്കറികളാണ് പ്രവേശനകവാടം ഒരുക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്‍റെ അഡീഷണല്‍ ഡയറക്ടര്‍ തമിള്‍വേന്ദന്‍ അറിയിച്ചു. ഷി ചിന്‍പിങും മോദിയും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉന്നതതല കൂടിക്കാഴ്ചയാണിത്. 

മഹാബലിപുരത്തെ ചരിത്രം ഓർമ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിൻപിങ്- നരേന്ദ്ര മോദി ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം. ചരിത്രത്തോടുള്ള ഷി ജിൻപിങിൻറെ താല്പര്യം കണക്കിലെടുത്താണ് ഉച്ചകോടിയുടെ വേദി നിശ്ചയിച്ചത്. ഒപ്പം തെക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം കൂട്ടുക എന്ന ബിജെപി ലക്ഷ്യവും മഹാബലിപുരത്തെ ഉച്ചകോടിക്ക് പിന്നിലുണ്ട്.