Asianet News MalayalamAsianet News Malayalam

തൃണമൂൽ പ്രവർത്തകരെ മർദ്ദിക്കാൻ ആഹ്വാനം ചെയ്‌ത ബിജെപി അദ്ധ്യക്ഷന് ബംഗാളിൽ ക്രൂര മർദ്ദനം

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കും മർദ്ദനമേറ്റു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ഒരു സംഘം ആക്രമണം നടത്തിയത്

West Bengal BJP President Dilip Ghosh attacked by mob in Kolkata's Lake Town
Author
Lake Town, First Published Aug 30, 2019, 11:29 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെ കൊൽക്കത്ത നഗരത്തിലെ ലേക് ടൗണിൽ പ്രഭാത സവാരിക്ക് ശേഷം ചായ് പേ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ആൾക്കൂട്ടം ആക്രമിച്ചെന്നാണ് റിപ്പോർട്ട്.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കും മർദ്ദനമേറ്റു.  ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ലോക്‌സഭാംഗം കൂടിയായ ദിലീപ് ഘോഷ് ആരോപിച്ചു. ഇതിന് മുൻപും ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ മുതിർന്ന ബിജെപി നേതാവ് ഹേമന്ത് ബിശ്വ ശർമ്മയെ അനുഗമിച്ചപ്പോഴും ഇദ്ദേഹത്തിന് നേരെ ഖെജുരിയിൽ വച്ച് ആക്രമണം ഉണ്ടായിരുന്നു.

പശ്ചിമ ബംഗാള്‍ പൊലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കിഴക്കൻ മിഡ്‌നാപ്പൂരിലാണ് ഇദ്ദേഹം തിങ്കളാഴ്ച പ്രസംഗിച്ചത്. ഇതിന് പിന്നാലെ ദിലീപ് ഘോഷിനെതിരെ പശ്ചിമ ബംഗാൾ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയോ ഗുണ്ടകളെയോ പൊലീസിനെയോ ഭയപ്പെടേണ്ടെന്നും ബിജെപിക്ക് മുന്നിൽ ഇവരെല്ലാം നിസ്സാരക്കാരാണെന്നുമാണ് ദിലീപ് ഘോഷ് പ്രസംഗിച്ചത്. ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ പൊലീസിനെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയും തിരിച്ചും ആക്രമിക്കണമെന്നും ബാക്കി കാര്യം തങ്ങൾ നോക്കിക്കോളുമെന്നുമാണ് ദിലീപ് ഘോഷ് പ്രസംഗിച്ചത്. ബിജെപിക്ക് മുന്നിൽ തൃണമൂൽ നേതാക്കൾ വെറും പുഴുക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios