ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ചരമവാര്‍ഷിക സമ്മേളനം ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമ വേദിയായില്ല.കശ്മീര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ നേതാക്കള്‍ ബിജെപിക്ക് എതിരെ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെയുള്ളവര്‍ വിട്ടുനിന്നു.

പ്രതിപക്ഷ ഐക്യം പേരിന് പോലും ഇല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരേ വേദിയില്‍ അണിനിരത്താന്‍ സ്റ്റാലിന്‍ ശ്രമിച്ചത്.എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരൊഴികെ മറ്റ് നേതാക്കള്‍ സമ്മേളത്തിനെത്തിയില്ല. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് ക്ഷണമുണ്ടായിരുന്നു. 

എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥ ചൂണ്ടികാട്ടി മമത കശ്മീര്‍ പ്രശ്നത്തില്‍ ചെറുത്ത് നില്‍പ്പ് അനിവാര്യമെന്ന് ആവര്‍ത്തിച്ചു.പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണമെന്നാണ് സ്റ്റാലിന്‍ വേദിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ നാരായണസ്വാമി ഒഴികെ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളാരും വേദിയിലില്ലായിരുന്നു.

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല.ആറ് മാസങ്ങള്‍ക്ക് മുമ്പ് സമാന വേദിയിലായിരുന്നു രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിന്‍ നിര്‍ദേശിച്ചത്. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വിട്ട് നിന്നത് പ്രതിപക്ഷ ഐക്യത്തിന്‍റെ തകര്‍ച്ച പ്രകടമാക്കുന്നതായി.