കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും നേടാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയില്‍ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ജല്‍പൈഗുരിയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എങ്ങനെയാണ് ബിജെപി ഇവിടുള്ള എല്ലാ സീറ്റുകളിലും ജയിക്കുന്നതെന്നും മമത ജനങ്ങളോട് ചോദിക്കുന്നു. 

ഈ വടക്കന്‍ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. അതെല്ലാം ബിജെപിക്കാണ് കിട്ടുന്നത്. എന്താണ് ഞങ്ങളുടെ തെറ്റ് എന്നാണ് മമതയുടെ ചോദ്യം. ചൊവ്വാഴ്ചയാണ് റാലി നടന്നത്. അവര്‍ പുറത്ത് നിന്ന് വന്ന് നമ്മുടെ സീറ്റുകള്‍ നേടി. അവര്‍ രാമകൃഷ്ണനോ വിവേകാനന്ദനോ അല്ല. വെറുപ്പ് മാത്രമാണ് അവര്‍ പടര്‍ത്തുന്നത്. മമതാ ബാനര്‍ജി പറയുന്നു. 2021ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നാണ് അവര്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. 

പശ്ചിമ ബംഗാളിന്‍റെ വടക്കന്‍ മേഖലയിലേക്ക് ത്രിദിന സന്ദര്‍ശനത്തിന് എത്തിയതാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി മീറ്റിംഗിലും അവര്‍ പങ്കെടുത്തു. ഒരിക്കല്‍ കോണ്‍ഗ്രസിന്‍റേയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റേയും തട്ടകമായിരുന്ന മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ബിജെപിക്ക് നിലവിലുള്ളത്.ഡാര്‍ജിലിംഗ്, കലിംപോംഗ്, ജല്‍പൈഗുരി, അലിപുര്‍ദ്വാര്‍കൊച്ചേബാര്‍, വടക്കന്‍ ദിനജ്പൂര്‍ എന്നിവിടങ്ങളിലായി 54 നിയമസഭാ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖലയിലുള്ളത്.