ദില്ലി: മാർച്ച് 27-ന് രാവിലെ 11:45നും 12നും ഇടയിൽ ഒരു സുപ്രധാന സന്ദേശവുമായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്ന അപ്രതീക്ഷിത സന്ദേശത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ നയപരമായ തീരുമാനങ്ങൾ അല്ലെങ്കിൽ പ്രതിരോധരംഗത്തെ നേട്ടം എന്നിവയാണ് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ മറ്റൊരു നോട്ട് നിരോധനത്തിനോ സർജിക്കൽ സ്ട്രൈക്കിനോ രാജ്യം സാക്ഷിയാകേണ്ടി വരുമോ, അല്ലെങ്കിൽ ബാലാക്കോട്ട് വ്യാേമാക്രണം നടത്തിയതിനുള്ള വിശദീകരണമായിരിക്കുമോ തുടങ്ങിയ സംശയത്തിലായിരുന്നു രാജ്യം.  

പിന്നീട് പ്രധാനമന്ത്രി അഭിസംബോധന ചെയത് വരുന്നത് വരെ ഊഹാപോഹങ്ങൾ കൊണ്ടും ഹാഷ്ടാഗുകളും കൊണ്ടും നിറയുകയായിരുന്നു സൈബർ ലോകം. ഏകദേശം 12 മണി ആയപ്പോൾ പ്രധാനമന്ത്രിയുടെ അഭിസംബോധന ആരംഭിക്കുമ്പോഴേക്കും സർജിക്കൽ സ്ട്രൈക്ക്, ദാവൂദ് ഇബ്രാഹിം, മസൂദ് അസഹർ തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറിയിരുന്നു. അതേസമയം, നോട്ട് നിരോധനവും സർജിക്കൽ സ്ട്രൈക്കുമായിരുന്നു ​ഗൂ​ഗിൾ ട്രെൻ‌ഡിങ്ങിൽ മുന്നിലുണ്ടായിരുന്നത്.  

ഇവ സംബന്ധിച്ച പുതിയ വാർത്തകൾ എന്താണെന്ന് അറിയാനായിരുന്നു കൂടുതൽ ആളുകൾക്കും താൽപര്യം. 2016 നവംബർ 8-ന് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ ജനങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം അഭിസംബോധന ചെയ്യുതതെന്നത് ആകാംക്ഷയ്ക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നത് ഉറപ്പായിരുന്നു.  

രാഷ്ട്രീയ നേതാക്കളുൾപ്പടെയുള്ളവർ മോദിയുടെ പ്രഖ്യാപനം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതെന്നായിരുന്നു ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ട്വീറ്റ്. നോട്ട് നിരോധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

12 മണിക്ക് അഭിസംബോധന ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 25 മിനിറ്റ് വൈകി സന്ദേശവുമായി പ്രധാനമന്ത്രിയെത്തി. ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന സന്ദേശമായിട്ടായിരുന്നു മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ‘മിഷൻ ശക്തി’യിലൂടെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.  ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.