ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻ‍ഡ് എക്കണോമിക്കൽ കോർപ്പറേഷൻ (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation ) എന്നതിന്‍റെ ചുരുക്കെഴുത്താണ് ബിംസ്റ്റെക് (BIMSTEC). ഏഴ് അംഗരാഷ്ട്രങ്ങളടങ്ങിയ ബിംസ്റ്റെക് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ഏഴ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമാർ, നേപ്പാൾ, ശ്രീലങ്ക, തായ്ലാൻ‍ഡ് എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. ലോക ജനസംഖ്യയുടെ 22 ശതമാനം  ഈ ഏഴ് രാജ്യങ്ങളിലുമായി ജീവിക്കുന്നു. ഏഴ് രാഷ്ട്രങ്ങളുടെയും സംയുക്ത ജി‍‍ഡിപി 2.7 ട്രില്യൺ അമേരിക്കൻ ഡോളറാണ് എന്നതും ഈ സംഘടനയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. 

1997 ജൂൺ ആറിലാണ് ബിംസ്റ്റെക്കിന്‍റെ പ്രാഥമിക രൂപം  നിലവിൽ വരുന്നത്. ബംഗ്ലാദേശ് ബിസ്റ്റെക് (BIST-EC) എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്‍ലാൻ‍ഡ് ഇക്കണോമിക് കോർപ്പറേഷൻ എന്നതിന്‍റെ ചുരുക്കെഴുത്തായിരുന്നു ബിസ്റ്റെക്. പിന്നീട് 1997 ഡിസംബർ 22ന് മ്യാൻമർ കൂടി ചേർന്നതോടെ  സംഘടനയെ ബിംസ്റ്റെക്( BIMST-EC) എന്ന് പുനർനാമകരണം ചെയ്തു. 1998ൽ നേപ്പാൾ നിരീക്ഷക രാജ്യം എന്ന നിലയിൽ ബിംസ്റ്റെക്കിൽ പങ്കാളിയായി. 

2004 ഫെബ്രുവരിയിൽ നേപ്പാളും ഭൂട്ടാനും സംഘടനയിൽ അംഗങ്ങളായി തുടർന്ന് അതേ വർഷം ജൂലൈയിൽ നടന്ന ഉച്ചകോടിയിൽ സംഘടനയുടെ പേര് ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടടറൽ ടെക്നിക്കൽ ആൻ‍ഡ് എക്കണോമിക്കൽ കോർപ്പറേഷൻ എന്നാക്കി പുന‍ർ‍നാമകരണം ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിലാണ് ബിംസ്റ്റെക്കിന്‍റെ സ്ഥിരം   സെക്രട്ടേറിയേറ്റ്. 

കഴിഞ്ഞ വട്ടം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത് സാർക്ക് രാഷ്ട്ര തലവൻമാരെയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് അടക്കം അന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സാർക്കിന് പകരം ബിംസ്റ്റെക് നേതാക്കൾക്ക് ക്ഷണം നൽകുക വഴി പാകിസ്ഥാനോടുള്ള നയം കൂടിയാണ് എൻഡിഎ സർക്കാർ വ്യക്തമാക്കുന്നത്.