Asianet News MalayalamAsianet News Malayalam

ചിദംബരം അറസ്റ്റിലായത് ഐഎൻഎക്സ് മീഡിയ കേസില്‍! എന്താണ് ഈ കേസ് ?

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. 

What is inx media case
Author
Delhi, First Published Aug 21, 2019, 10:04 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു. 

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. 

Follow Us:
Download App:
  • android
  • ios