Asianet News MalayalamAsianet News Malayalam

പുറത്തേക്ക് പോകുന്നത് 'നയം' വ്യക്തമാക്കി: ഗുലാം നബി ആസാദ് ബിജെപിയുമായി കൈകോര്‍ക്കുമോ?

രാഹുലിനെ വ്യക്തിപരമായി തന്നെ വിമർശിച്ചാണ് ഗുലാം നബി ആസാദ് രാജി കത്ത് നല്‍കിയത്.

what is the future plan of Gulam Nabi Azad
Author
Delhi Diesels, First Published Aug 26, 2022, 11:18 PM IST

ദില്ലി: ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ ജമ്മു കശ്മീര് കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയപാർട്ടിയെന്ന സൂചന നൽകി  മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്നു ഗുൽസാർ അഹമ്മദ് വാണി. പ്രവർത്തകരെ ഏകോപിപ്പിച്ച് പ്രവർത്തനം തുടങ്ങാൻ ഗുലാം നബി ആസാദ് നിർദ്ദേശിച്ചതായി ഗുൽസാർ അഹമ്മദ് വാണി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ജമ്മു കശ്നമീരിന്റെ വികസനം മുൻനിർത്തിയാകും ഇനിയുള്ള പ്രവർത്തനം. മതേതരമുഖമായ ഗുലാം നബി ആസാദ് ബിജെപിയിൽ ചേരില്ലെന്നും ഗുൽസാർ അഹമ്മദ് വാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജമ്മുകശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് ഗുലാം നബി ആസാദ്. സംസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയും ആയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമെന്ന അഭ്യൂഹമാണ് ശക്തമായി ഉയരുന്നത്. അങ്ങനെയാണെങ്കില്‍ ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം അതില്‍ തന്നെയായിരിക്കും ഗുലാം നബി ആസാദിന്‍റെ ശ്രദ്ധ. 

ജമ്മുകശ്മീരില്‍ നേരത്തെ ഗുപ്കർസഖ്യത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംയുക്തമായി മത്സരിക്കാമെന്ന ധാരണകള്‍ ചർച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ചർച്ചയില്ല. ഒറ്റക്ക് മത്സരിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മത്സരം കടുപ്പിക്കുന്നതാകും ഗുലാം നബി ആസാദിന്‍റെ തീരുമാനം. ഒപ്പം ബിജെപിയെ സഹായിക്കുന്നതും. നിലവില്‍ പ്രതിപക്ഷത്തിന്‍റെ വോട്ടുകള്‍ ചിതറിയാല്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് ബിജെപിക്കാണ് . മോദി പരസ്യമായി അടുപ്പം കാണിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ് ഒരുപക്ഷെ ഭാവിയില്‍ ബിജെപി സഖ്യം തന്നെ ജമ്മുകശ്മീരില്‍  ഉണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല. 

നേരത്തെ കോണ്‍ഗ്രസ് വിട്ട് സമാജ്‍വാദി പാര്‍ട്ടിയില്‍ പോയ കപില്‍ സിബല്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയ സുഷ്മിത ദേവ് തുടങ്ങിവരൊന്നും ഇതുപോലെ വിമർശനങ്ങള്‍ ഉന്നയിച്ചല്ല പാർട്ടി വിട്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതിപക്ഷത്ത് തന്നെ ഉറച്ച് നിന്ന് മോദിക്കെതിരായ പ്രതിപക്ഷചേരിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഇവിടെ രാഹുലിനെ വ്യക്തിപരമായി തന്നെ വിമർശിച്ചാണ് ഗുലാം നബി ആസാദ് രാജി കത്ത് നല്‍കിയത്. ആതുകൊണ്ട് പ്രതിപക്ഷചേരിയില്‍ നിന്ന്  കോണ്‍ഗ്രസുമായി സഹകരിക്കാൻ ഗുലാംനബി ആസാദ് താല്‍പ്പര്യപ്പെടുന്നില്ലയെന്നതും വ്യക്തമാണ്. 

 

 

 

 

 

 

 

Follow Us:
Download App:
  • android
  • ios