ബിസിസിഐ സെക്രട്ടറിയാവാന്‍ നിങ്ങളുടെ മകന് എന്ത് യോഗ്യതയാണുള്ളത്? അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയാണ് ജയ് ഷായ്ക്കുള്ളത്. എങ്ങനെയാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതെന്നും കനയ്യ 

ദില്ലി: ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നവരുടെ യോഗ്യതയെക്കുറിച്ചുള്ള അമിത് ഷായുടെ വിമര്‍ശനത്തിന് രൂക്ഷ മറുപടിയുമായി കനയ്യ കുമാര്‍. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയാണ് സിപിഐ നേതാവും ജെഎന്‍യുവിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ കനയ്യ കുമാറിന്‍റെ വിമര്‍ശനം. ജെഎന്‍യു വിദ്യാര്‍ഥികളുടെ യോഗ്യത ചോദ്യം ചെയ്യുന്നവര്‍ ബിസിസിഐയുടെ സെക്രട്ടറിയാവാന്‍ മകനുള്ള യോഗ്യതയെന്താണെന്നും വ്യക്തമാക്കണമെന്നാണ് കനയ്യ കുമാര്‍ ആവശ്യപ്പെട്ടത്.

ബിസിസിഐ സെക്രട്ടറിയാവാന്‍ നിങ്ങളുടെ മകന് എന്ത് യോഗ്യതയാണുള്ളത്? അമിത് ഷായുടെ കാര്‍ബണ്‍ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയാണ് ജയ് ഷായ്ക്കുള്ളത്. എങ്ങനെയാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതെന്നും കനയ്യ ചോദിച്ചു. സിറ്റിസണ്‍സ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കനയ്യ. വൈദ്യുതി പോലും കടന്നുചെല്ലാത്ത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറെ വെല്ലുവിളികള്‍ പിന്തള്ളിയാണ് ജെഎന്‍യുവിന്‍റെ പ്രവേശന പരീക്ഷകള്‍ പാസാകുന്നത്. ഇത്തരം വിദ്യാര്‍ഥികളുടെ യോഗ്യതയാണ് അവര്‍ ചോദ്യം ചെയ്യുന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. മറുപടി നല്‍കാന്‍ മാത്രമല്ല ചോദിക്കാന്‍ കൂടി ജെഎന്‍യു പഠിപ്പിക്കുന്നതാണ് സര്‍ക്കാരിന് സര്‍വ്വകലാശാലയോടുള്ള പ്രശ്നമെന്നും കനയ്യ കുമാര്‍ പറഞ്ഞു. ശുദ്ധമായ വായു, വെള്ളം, മെച്ചപ്പെട്ട വിദ്യഭ്യാസ,ചികിത്സാ സൗകര്യങ്ങള്‍ ഇവയെല്ലാമാണ് യഥാര്‍ത്ഥ പ്രശ്നങ്ങള്‍. പക്ഷേ ഇവയൊന്നും പറയാതെയും സംസാരിക്കാതെയും ജെഎന്‍യുവിനെ കുറിച്ച് മാത്രം പറഞ്ഞാണ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ട് തേടുന്നത്. 

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ യോഗ്യതയെന്താണെന്ന് അമിത് ഷാ ചോദിച്ചതാണ് കനയ്യ കുമാറിനെ ചൊടിപ്പിച്ചത്. ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. ഒരുവാക്ക് പോലും സംസാരിക്കാതെ ജെഎന്‍യു വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് നടി ദീപികാ പദുക്കോണിന്‍റെ സിനിമയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുന്നത് എന്തിനാണെന്നും കനയ്യ ചോദിച്ചു. ഇതിന്‍റെ അര്‍ത്ഥം ക്യാമ്പസിനുള്ളില്‍ അക്രമം നടത്തിയത് അവരുടെ ആളുകളാണെന്ന് അവര്‍ക്കുള്ള ഉറച്ച ബോധ്യമാണെന്നും കനയ്യ പറഞ്ഞു.