ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് അന്ത്യമായിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. മകര സംക്രാന്തി ദിനത്തിലായിരിക്കും രാമക്ഷേത്രത്തിനുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുക‌ എന്നും റിപ്പോർട്ടുകളുണ്ട്. മൂന്നു മാസത്തിനകം ക്ഷേത്ര നിർമ്മാണത്തിനുള്ള ട്രസ്റ്റിന് രൂപം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ട്രസ്റ്റ് രൂപീകരിക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചനകള്‍.

അയോധ്യ തർക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന കോടതി വിധി വന്നതോടെ പുതിയ രാമക്ഷേത്രത്തിന്‍റെ മാതൃക പരിചയപ്പെടുത്തുകയാണ് വിഎച്ച്പി. 212 തൂണുകളും അഞ്ച് പ്രവേശന കവാടങ്ങളുമുള്ള വലിയൊരു ക്ഷേത്രത്തിനാണ് വിഎച്ച്പി പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയായ രാമജന്മഭൂമി ന്യാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാമജന്മഭൂമി ന്യാസ് രൂപകൽപ്പന ചെയ്ത ക്ഷേത്രം തന്നെ അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ ചുമതലപ്പെടുത്തുന്ന ട്രസ്റ്റ് പണികഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎച്ച്പി വക്താവ് ശരത് ശർമ്മ പറഞ്ഞു.

അയോധ്യ തർക്കഭൂമിയിൽ എന്നെങ്കിലും രാമക്ഷേത്രം വരുന്ന പ്രതീക്ഷയിൽ രാമജന്മഭൂമി ന്യാസ് 1990 മുതൽ അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നിരവധി കൗശലപ്പണിക്കാരും ശിൽപികളും അണിനിരന്ന് ക്ഷേത്രം പണിയാൻ ആവശ്യമായ തൂണുകളും ശിൽപങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ട്. പാറക്കല്ലിൽ ശിൽപ്പമടക്കം കൊത്തിവച്ചിട്ടുണ്ട്. രാംലല്ലയ്ക്ക് വേണ്ടി അയോധ്യയിൽ ഒരിക്കൽ ക്ഷേത്രം പണിയുമ്പോൾ പാറക്കല്ലിൽ കൊത്തിവച്ചിരിക്കുന്ന തൂണുകളും ശിൽപങ്ങളും ഉപയോഗിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഒരു ശിൽപ്പശാലയ്ക്ക് തന്നെ ന്യാസ്  രൂപം നൽകിയിരുന്നത്.

ന്യാസിന്‍റെ പദ്ധതിപ്രകാരം ക്ഷേത്രത്തിന് 268 അടി നീളവും 140 അടി വീതിയും നിലത്തുനിന്ന് അഗ്രഭാഗം വരെ 128 അടി ഉയരവും ഉണ്ടാകും. 212 തൂണുകൾ ക്ഷേത്രത്തിനായി ഉപയോഗിക്കുമെന്നും ശിൽപശാലയുടെ ചുമതലയുള്ള അന്നുഭായി സോംപുര പറഞ്ഞു. കണക്കുപ്രകാരമുള്ള ക്ഷേത്ര കവാടങ്ങളും തൂണുകളിൽ പകുതിയും തയ്യാറായിട്ടുണ്ടെന്നും അന്നുഭായി പറഞ്ഞു. സിംഗ് ദ്വാർ, നൃത്ത മണ്ഡപ്, രണ്ട് മണ്ഡപ്, പൂജ മുറി, ഗർബ് ഗൃഹ തുടങ്ങി അഞ്ച് കവാടങ്ങളാണ് ക്ഷേത്രത്തിനുണ്ടാകുക. രാംലല്ലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ സിംഹാസനവും ക്ഷേത്രത്തിലുണ്ടാകും.

ഏകദേശം 1.75 ലക്ഷം കല്ലുകൾ ക്ഷേത്രനിർമ്മാണത്തിന് വേണ്ടിവരും. 1989ൽ നടത്തിയ കല്ലിടൽ ചടങ്ങിന് മുമ്പായി രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളിൽ നിന്ന് ശ്രീറാം എന്നെഴുതിയ കല്ലുകൾ ശേഖരിച്ചിരുന്നു. ഈ കല്ലുകൾ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമ്മാണത്തിനായി ഉപയോഗിക്കും. അന്ന് 50000 കല്ലുകളാണ് ശിലാസ്ഥാപനത്തിനായി ഉപയോഗിച്ചിരുന്നത്. ബാക്കി കല്ലുകൾ മൂപ്പത് വർഷമായി അയോധ്യയിൽ നടത്തിവരുന്ന വിഎച്ച്പിയുടെ ശിൽപശാലയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശരത് ഷർമ്മ പറഞ്ഞു.
 
രാമക്ഷേത്രത്തിലേക്കായി 2100 കിലോ തൂക്കം വരുന്ന മണി നിർമ്മിച്ചിട്ടുണ്ട്. ഇസ്ലാംമത വിശ്വാസിയായ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഭീമൻ മണി പണിക്കഴിപ്പിച്ചിരിക്കുന്നത്. ഇത്ത ജില്ലയിലെ ജലേശ്വർ സ്വദേശിയാണ് ഇക്ബാൽ. ആറ് അടി നീളവും അഞ്ചടി വീതിയുമുള്ള ഭീമൻ മണി ജലേശ്വർ മുനിസിപ്പാലിറ്റി അധ്യക്ഷൻ വികാസ് മിട്ടലിന്‍റെ നേതൃത്വത്തിലുള്ള ശിൽപ്പശാലയിലാണ് നിർമ്മിച്ചത്. 10 മുതൽ 12 വരെ ലക്ഷം രൂപ ചെലവഴിച്ചാണ് മണി നിർമ്മിച്ചിരിക്കുന്നത്.      

ക്ഷേത്രം പണിയുന്നതിന് മുമ്പായി ശിലാസ്ഥാപന ചടങ്ങൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് വിഎച്ച്പി. 1989 നവംബറിൽ ക്ഷേത്രം പണിയുന്നതിന്‍റെ ഭാഗമായി കല്ലിടൽ ചടങ്ങ് നടത്തിയിരുന്നതാണ് അതിന് കാരണം. പ്രശസ്ത ആർക്കിടെക്ക് ചന്ദ്രകാന്ത് സോംപുര രൂപകൽപന ചെയ്ത രാമക്ഷേത്രത്തിന്‍റെ മാതൃകയിൽ തന്നെ പുതിയ രാമക്ഷേത്രം പണിയണമെന്നാണ് വിഎച്ച്പിയുടെ പ്രധാന ആവശ്യം. 

1989-ൽ മുൻ വിഎച്ച്പി അധ്യക്ഷൻ അശോക് സിംഗാളിന്റെ ആവശ്യപ്രകാരമായിരുന്നു ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന്‍റെ മാതൃക രൂപകൽപന ചെയ്തത്. മരത്തിൽ കൊത്തിവച്ച ക്ഷേത്രത്തിന്‍റെ മോഡൽ അയോധ്യയിലെ കർസേവകപുരത്ത് ചില്ലുകൂടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ മോഡൽ കാണുന്നതിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ അയോധ്യയിലെത്താറുണ്ട്.

യോഗി ആദിത്യനാഥിനെ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിൽ ഉൾപ്പെടുത്തണം

സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരുന്നു. ട്രസ്റ്റിൽ യോഗി ആദിത്യനാഥിനെ ഉൾപ്പെടുത്തണമെന്ന് വിഎച്ച്പി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് നിർദ്ദേശിക്കുന്നു. ട്രസ്റ്റിന്‍റെ അധ്യക്ഷനായി യോഗി ആദിത്യനാഥിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് രാമജന്മഭൂമി ന്യാസ് നിവേദനം നൽകിയിട്ടുണ്ട്. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ ഗോപാൽ ദാസ് ആണ് ആവശ്യവുമായി രംഗത്തെത്തിയത്.

അയോധ്യ തർക്കഭൂമി കേസ്

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കമാണ് രാജ്യത്തിന്‍റെ പരമോന്നത കോടതി നവംബർ ഒമ്പതിന് അന്തിമ  തീർപ്പാക്കിയത്. അയോധ്യ തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം പണിയാമെന്നും, മുസ്ലിം പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ച് ഏകകണ്‌ഠനെയായിരുന്നു ചരിത്രവിധി പ്രസ്താവിച്ചത്.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് നവംബർ ഒമ്പതിന് സുപ്രീം കോടതി പരിഗണിച്ചത്. പലതലത്തില്‍, പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് നിർണായകമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി പരിഹാരം കണ്ടെത്തിയത്. ഹിന്ദു വിശ്വാസപ്രകാരം ശ്രീരാമന്‍റെ ജൻഭൂമിയാണ് അയോധ്യ എന്ന കാര്യത്തിൽ തർക്കമില്ലെന്നും സുപ്രീംകോടതി വിധിയിൽ പരാമർശിച്ചിരുന്നു.