Asianet News MalayalamAsianet News Malayalam

പ്രഗ്യാ സിംഗ് ഠാക്കൂറിനെ എൻ കെ പ്രേമചന്ദ്രൻ പഠിപ്പിച്ച ആ ചട്ടം എന്തായിരുന്നു?

ലോക്സഭയിൽ ആദ്യദിനം തന്നെ ചട്ടം പറഞ്ഞ് താരമായി എൻ കെ പ്രേമചന്ദ്രൻ. ലോക്സഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ചട്ടങ്ങൾ കൃത്യമായി ഉയർത്തിക്കാട്ടിയാണ് പ്രേമചന്ദ്രൻ പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞയെ എതിർത്തത്. 

what was the rules nk premachandran raised opposing to the oath of pragya singh thakur
Author
New Delhi, First Published Jun 20, 2019, 10:27 PM IST

ദില്ലി: ലോക്സഭയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വന്നിരുന്നത് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ്. ചരിത്രം പരിശോധിച്ചാൽ വളരെ സമാധാനപരമായി നടക്കാറുള്ള ചടങ്ങുകളാണിത്. പ്രോട്ടെം സ്പീക്കറുടെ മുന്നിലെത്തി പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞാ വാചകം ചൊല്ലും. അതിന് ശേഷം സഭാ രേഖകളിൽ അംഗങ്ങൾ ഒപ്പു വയ്ക്കും. പ്രോട്ടെം സ്പീക്കർ അവരെ അഭിനന്ദിക്കും. അതിന് ശേഷം നിശ്ചയിക്കപ്പെട്ട സീറ്റുകളിലേക്ക് അവർക്ക് ചെന്നിരിക്കാം.

എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും ശേഷമുള്ള മുദ്രാവാക്യം വിളിയുമെല്ലാം രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനം കൂടിയായി.

പക്ഷേ ഭോപ്പാലിലെ ലോക്സഭാ എംപിയായ പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞ ഇത്തവണ വിവാദമായി. പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് അവർ സത്യവാചകം ചൊല്ലിയത്. സാധാരണ എല്ലാ എംപിമാരും സ്വന്തം പേര് - അതായത് റിട്ടേണിംഗ് ഓഫീസർ എഴുതി നൽകിയ സർട്ടിഫിക്കറ്റിലെ പേര് - പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യാറ്. പക്ഷേ പ്രഗ്യാ സിംഗ് ചെയ്തത് അതല്ല. 'സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ' എന്ന സർട്ടിഫിക്കറ്റിലെ പേരിന് പകരം അവർ സ്വന്തം പേര് വായിച്ചത് ഗുരുവിന്‍റെ പേര് ചേർത്താണ്. 'സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ സ്വാമി പൂർണചേതാനന്ദ അവധേശാനന്ദ ഗിരി' എന്ന്. സംസ്കൃതഭാഷയിലായിരുന്നു അവരുടെ സത്യപ്രതിജ്ഞാ വാചകങ്ങൾ. ഇതോടെ ബഹളമായി. പ്രഗ്യാ സിംഗിന് മൂന്ന് തവണ സത്യവാചകം ചൊല്ലേണ്ടി വന്നു. 

ആദ്യം എഴുന്നേറ്റ് പ്രതികരിച്ചത് കൊല്ലത്തു നിന്നുള്ള ആർഎസ്‍പി എംപിയായ എൻ കെ പ്രേമചന്ദ്രൻ തന്നെയാണ്. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിംഗിന്‍റെ സത്യപ്രതിജ്ഞയ്ക്ക് എതിരെ പ്രേമചന്ദ്രൻ പ്രതികരിച്ചത്. സഭാ ചട്ടം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് യഥാർത്ഥ പേര് മാത്രമേ അംഗങ്ങൾ സത്യപ്രതിജ്ഞയിൽ പറയാവൂ എന്ന് പ്രേമചന്ദ്രൻ എടുത്തു പറഞ്ഞു. 

ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിലെ സഭാ ചട്ടത്തിൽ സത്യപ്രതിജ്ഞാ ചട്ടങ്ങളെക്കുറിച്ച് പറയുന്ന വാചകമിതാണ്: ''While making or subscribing the oath or affirmations in the house, members are required to read the same style of their name as given in the declaration regarding their election recieved from the returning officer. ''

അതായത് റിട്ടേണിംഗ് ഓഫീസർ എഴുതി നൽകുന്ന, പത്രിക നൽകിയപ്പോൾ എഴുതി നൽകിയ അതേ പേര് മാത്രമേ സത്യപ്രതിജ്ഞയ്ക്കോ സഭയിൽ പ്രസ്താവന നടത്തുമ്പോഴോ അംഗങ്ങൾ ഉപയോഗിക്കാവൂ എന്ന്. 

ഇത് പറഞ്ഞപ്പോൾ പ്രോട്ടെം സ്പീക്കർ തന്നെ, കൃത്യമായ പേര് മാത്രമേ പറയാവൂ എന്ന് പ്രഗ്യയോട് നിർദേശം നൽകി. ഇതാണ് എഴുതി നൽകിയ പേരെന്ന് പ്രഗ്യ വാദിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. കേരളത്തിലെ എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രൂക്ഷമായി പ്രഗ്യാ സിംഗ് നോക്കുന്നതും കാണാമായിരുന്നു. 

വീഡിയോ കാണാം, ഒപ്പം പാർലമെന്‍റിൽ നിന്ന് ഞങ്ങളുടെ ദില്ലി റീജ്യണൽ ചീഫ് പ്രശാന്ത് രഘുവംശത്തിന്‍റെ വിലയിരുത്തലും.

Follow Us:
Download App:
  • android
  • ios