സംസ്ഥാന പദവിക്ക് വേണ്ടി 2021 മുതൽ തുടങ്ങിയ ലഡാക്കിന്‍റെ പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എന്നും സോനം ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയില്‍ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം സമരങ്ങളുടെ കേന്ദ്ര ബിന്ദുവായത്

സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ലഡാക്കിൽ ആളിക്കത്തിയതുമുതൽ കേൾക്കുന്ന പേരാണ് സോനം വാങ്ചുക്ക്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനത്തിനെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ദിവസങ്ങൾ പിന്നിടുന്തോറും സോനത്തിന് വേണ്ടി ശബ്ദമുയർത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. സി പി എമ്മും കോൺഗ്രസുമൊക്കെ സോനത്തിനെതിരായ നീക്കത്തെ പ്രതിഷേധിച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് ലഡാക്കിൽ സംഭവിക്കുന്നതെന്നതിനും ആരാണ് സോനം വാങ്ചുക്ക് എന്നതിനും പ്രസക്തിയേറുകയാണ്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. എഞ്ചിനീയർ, ഇന്നൊവേറ്റർ, വിദ്യാഭ്യാസ പരിഷ്കർത്താവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ വിശേഷണങ്ങളാൽ പ്രശസ്തനാണ് ഇദ്ദേഹം. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിൽ അമീർ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്കിന്‍റെ ജീവിതമാണെന്നതും മറ്റൊരു യാഥാർഥ്യം. ലഡാക്കിൽ പരിസ്ഥിതി സൗഹാർദ്ദവും സാമ്പത്തിക നേട്ടമുണ്ടാകുന്നതുമായ നിരവധി ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുകയും ഇവയിൽ പലതിനും അന്തർദേശീയ തലത്തിൽ പോലും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ആരാണ് സോനം വാങ്ചുക്ക്

1966 സെപ്റ്റംബർ 1 ന് ലഡാക്കിലെ ലെഹ് ജില്ലയിലെ ആൽച്ചിക്ക് അടുത്ത് ജനിച്ച വാങ്ചുക്ക്, സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്ന പ്രസ്ഥാനം സ്ഥാപിച്ചുകൊണ്ടാണ് സാമൂഹിക പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് എത്തിയത്. 1988 ൽ തുടങ്ങിയ ഈ പ്രസ്ഥാനം ലഡാക്കിലെ വിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള ഒരു ബദൽ മാതൃകയായിരുന്നു. പരാജയപ്പെട്ടുപോയ വിദ്യാർഥികളെ ജിവിത വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയുള്ള സോനത്തിന്‍റെ ഈ ബദൽ ആഗോള തലത്തിൽ പോലും ശ്രദ്ധ നേടി. പിന്നീടിങ്ങോട്ട് വിദ്യാഭ്യാസ രംഗത്ത് പല തരത്തിലുള്ള പരിവർത്തനങ്ങളും അദ്ദേഹം കൊണ്ടുവന്നു. 1994 ൽ അദ്ദേഹം 'ഓപ്പറേഷൻ ന്യൂ ഹോപ്പ്' എന്ന പ്രോജക്ട് ആരംഭിച്ചു, ഇത് സർക്കാർ, ഗ്രാമീണ സമൂഹങ്ങൾ, സിവിൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി. ലഡാക്കിന്‍റെ സമസ്ത മേഖലകളിലെന്നല്ല രാജ്യം പോലും മാതൃകയാക്കിയ നിരവധി പദ്ധതികളുടെ ബുദ്ധി കൂടിയായിരുന്നു സോനം. ലഡാക്കിലെ കര്‍ഷകര്‍ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി കൃത്രിമ ഹിമാനികള്‍ നിര്‍മ്മിക്കുന്ന ഐസ് സ്തൂപം ആവിഷ്‌കരിച്ചത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. ശൈത്യകാലത്ത് പാഴാകുന്ന അരുവികളുടെ ജലത്തെ ഭീമന്‍ ഐസ്‌സ്തൂപങ്ങളുടെ രൂപത്തില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമസമയത്ത് ഉപയോഗപ്പെടുത്തുന്ന രീതി വലിയ തോതിൽ ശ്രദ്ധ നേടി. ഈ ടെക്‌നോളജി പഠിക്കാന്‍ പിന്നീട് പല സര്‍ക്കാരുകളും അദ്ദേഹത്തെ ക്ഷണിച്ചു. സ്വിറ്‌സര്‍ലാന്‍ഡിൽ നിന്ന് പോലും അദ്ദേഹത്തിന് ക്ഷണമുണ്ടായി. 2018 ല്‍ ഏഷ്യൻ നൊബേൽ പുരസ്കാരമെന്നറിയപ്പെടുന്ന മാഗ്‌സസേ പുരസ്‌കാരമടക്കം സോനത്തെ തേടിയെത്തിയിട്ടുണ്ട്.

ലഡാക്കിലെ പ്രക്ഷോഭത്തിന്‍റെ ചരിത്രം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 2019 ല്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറി. ഒപ്പം ജമ്മുവില്‍ നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്‍റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും. എന്നാല്‍ ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. ഇതാണ് പ്രക്ഷോഭത്തിന്‍റെ മൂല കാരണം. ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഒപ്പം രണ്ട് പാർലമെന്‍റ് സീറ്റുകളും ലഡാക് പബ്ലിക് കമ്മീഷന്‍ രൂപീകരണവും ആവശ്യപ്പെട്ടു. ഇതായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം. 2020 ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പി ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാലത് വാഗ്ദാനത്തിൽ ഒതുങ്ങി. ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളിള്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന പദവിക്കുമായി ലഡാക്കില്‍ 2021 ലാണ് ശക്തമായ പ്രക്ഷോഭം തുടങ്ങിയത്. ശേഷം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി ചര്‍ച്ചകൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 മുതൽ ശക്തമായ പ്രതിഷേധം പല തവണ ഉയർന്നിട്ടുണ്ട്. എന്നാൽ 2025 സെപ്തംബർ 24, അക്ഷരാർത്ഥത്തിൽ രാജ്യം നടുങ്ങിപ്പോയി. നേപ്പാളിലെ ജെൻസി കലാപത്തിന്‍റെ ചെറിയ പതിപ്പ് പോലെ ലഡാക്കിനെ ആളിക്കത്തിക്കുന്ന പ്രക്ഷോഭമായിരുന്നു അന്ന് അരങ്ങേറിയത്. പ്രക്ഷോഭകാരികൾ ലഡാക്കിലെ ബി ജെ പി ഓഫീസിന് തീയിട്ടതായിരുന്നു അക്രമങ്ങളുടെ തുടക്കം. ശേഷം നഗരം കീഴടക്കുന്ന നിലയിലേക്ക് പ്രക്ഷോഭം ആളിപ്പടർന്നപ്പോൾ വെടിവെയ്പ്പിലും മറ്റുമായി 4 മനുഷ്യ ജീവനാണ് നഷ്ടമായത്. ഒപ്പം നിരവധി പേർക്ക് പരിക്കുമേറ്റു.

സോനം വാങ് ചൂക്കിന്‍റെ ലഡാക്ക് സമരങ്ങൾ

സംസ്ഥാന പദവിക്ക് വേണ്ടി 2021 മുതൽ തുടങ്ങിയ ലഡാക്കിന്‍റെ പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എന്നും സോനം ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയില്‍ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം സമരങ്ങളുടെ കേന്ദ്ര ബിന്ദുവായത്. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ചർച്ചക്ക് വിളിച്ചു. എന്നാൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 ഫെബ്രുവരിയില്‍ അദ്ദേഹം പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിച്ചു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് സോനം വാങ് ചുക്ക് ഏവരെയും ഞെട്ടിച്ചത്. 2024 സെപ്തംബറില്‍ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സോനം രാജ്യ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഒക്ടോബറില്‍ ദില്ലി പൊലീസ് സോനമടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. 2025 മാർച്ചിൽ ചർച്ചകൾ പുനരാരംഭിച്ചു. എങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് 2025 സെപ്തംബറില്‍ വാങ് ചുക്ക് അടക്കമുള്ള സമരസമിതി അംഗങ്ങളായ 15 പേര്‍ 35 ദിവസത്തെ നിരാഹര സമരം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും ച‍ർച്ച എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ, ഇത്തവണ സോനം അത് തള്ളിക്കളഞ്ഞു. ഫലം കാണുന്ന ചര്‍ച്ചകൾ മതിയെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാലെ സെപ്തംബര്‍ 24 ന് എൽ എ ബിയുടെ യുവജന വിഭാഗം ലേയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദാണ് അക്ഷരാർത്ഥത്തിൽ കലാപമായി മാറിയത്. പ്രതിഷേധക്കാരും പൊലീസും പരസ്പരം ഏറ്റമുട്ടി. ബി ജെ പി ഓഫീസിന് തീയിട്ടു. കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിക്കപ്പെട്ടു. പൊലീസ് വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉപവാസം അവസാനിപ്പിച്ച് സോനം വാങ് ചുക്ക് സമാധാനത്തിന് ആഹ്വാനം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ലേയും ലഡാക്കിലും കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഇന്‍റ‍ർനെറ്റ് നിരോധിച്ചു. പിന്നാലെയാണ് സോനം വാങ് ചൂക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ 'പ്രകോപനപരമായ പ്രസംഗങ്ങൾ' നടത്തിയെന്നാണ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരോപണങ്ങൾ നിഷേധിച്ച് സോനം

കേന്ദ്രസര്‍ക്കാറിന്‍റെ എല്ലാ ആരോപണങ്ങളെയും സോനം വാങ് ചുക്ക് നിഷേധിച്ചു. താന്‍ അക്രമത്തിന്‍റെ മാര്‍ഗ്ഗമല്ല സ്വീകരിക്കുന്നതെന്നും മറിച്ച് സമാധാനപരമായ സമരമാണ് തന്‍റെ മാർഗ്ഗമെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ വഴി ഗാന്ധിജി കാട്ടിയ സമാധാനത്തിന്‍റേതാണെന്നും അക്രമത്തിന്‍റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം തന്നെ വേട്ടയാടുകയാണെന്നും സോനം ആരോപിച്ചു. വാങ്ചുക്കിന്റെ അറസ്റ്റിനെത്തുടർന്ന് ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അപെക്സ് ബോഡി ലേ ഉൾപ്പെടെയുള്ള സംഘടനകൾ, തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായി തുടരുമെന്നും അക്രമത്തിൽ വാങ്ചുക്കിന് പങ്കില്ലെന്നും വ്യക്തമാക്കി രംഗത്തെത്തി. സി പി എമ്മും കോൺഗ്രസും സോനം വാങ് ചൂക്ക് കുറ്റക്കാരനല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്തായാലും സോനത്തിന്‍റെ കാര്യത്തിലും ലഡാക്കിലെ പ്രക്ഷോഭത്തിന്‍റെ കാര്യത്തിലും ഇനിയെന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.