കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ദില്ലിയിലെ പാര്‍ട്ടി നേതാക്കളും എംപിമാരുമായ ഹര്‍ഷ വര്‍ദ്ധൻ, ഹാൻസ് രാജ്, ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ദില്ലി വിമാനത്താവളത്തില്‍ എത്തിയത്.

ദില്ലി: യുഎസ്, ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരികെയെത്തി. കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ദില്ലിയിലെ പാര്‍ട്ടി നേതാക്കളും എംപിമാരുമായ ഹര്‍ഷ വര്‍ദ്ധൻ, ഹാൻസ് രാജ്, ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ദില്ലി വിമാനത്താവളത്തില്‍ എത്തിയത്. ആറ് ദിവസം നീണ്ട സുപ്രധാന വിദേശ സന്ദര്‍ശനത്തിന് ശേഷമാണ് തിങ്കളാഴ്ച പ്രധാനമന്ത്രി ദില്ലിയിലെത്തിയത്.

തിരിച്ചെത്തിയ ഉടൻ ഇന്ത്യയിൽ എന്തുണ്ട് വിശേഷങ്ങള്‍ എന്നാണ് സ്വീകരിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ഉള്‍പ്പെടെയുള്ള നേതാക്കളോട് മോദി ചോദിച്ചത്. ഇവിടെ കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് ജെ പി നദ്ദയോട് പ്രധാനമന്ത്രി ചോദിച്ചെന്ന് ബിജെപി എംപിയായ മനോജ് തിവാരി പറഞ്ഞു. സര്‍ക്കാരിന്‍റെ ഒമ്പത് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡുമായി പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ കാണുകയാണെന്നും രാജ്യം വളരെയധികം സന്തോഷത്തിലാണെന്നുമാണ് നദ്ദ മറുപടി നല്‍കിയതെന്നും മനോജ് തിവാരി പറഞ്ഞു.

പാർട്ടിയുടെ ജനസമ്പർക്ക പരിപാടി എങ്ങനെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചതായി ബിജെപി എംപി പര്‍വേഷ് വെര്‍മ്മ പറഞ്ഞു. ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന് വിശദീകരണം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുഎസ് സന്ദര്‍ശന വേളയിൽ വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണാനെത്തിയത്.

ഡിജിറ്റൽ ഇന്ത്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയിൽ നിക്ഷേപവും സഹകരണവും ചർച്ചകളിൽ ഇടം പിടിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകൾ നടത്തി. ഇന്ത്യൻ സമൂഹം വാഷിങ്ങ്ടണിൽ ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുത്തു. തുടര്‍ന്ന് ഈജിപ്തിലേക്ക് എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ സമ്മാനിച്ചാണ് പ്രസിഡന്റ് അബ്‍ദുല്‍ ഫത്തേഹ് എൽ സിസി ആദരിച്ചത്. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്.

ശ്രദ്ധിക്കൂ, ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 5 ദിവസങ്ങള്‍ മാത്രം; വേഗം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player