Asianet News MalayalamAsianet News Malayalam

വാട്സ് ആപ് ചോര്‍ത്തല്‍: സെപ്റ്റംബറില്‍ സര്‍ക്കാറിനെ അറിയിച്ചെന്ന് വെളിപ്പെടുത്തല്‍; കേന്ദ്രം പ്രതിരോധത്തില്‍

മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയതായി പേരുവെളിപ്പെടുത്താത്ത വാട്സ് ആപ് ജീവനക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

WhatsApp sent second alert in september about snooping
Author
New Delhi, First Published Nov 3, 2019, 7:27 AM IST

ദില്ലി: മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സ് ആപ് സന്ദേശങ്ങള്‍ ഇസ്രായേല്‍ ചാരസംഘടന ചോര്‍ത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ പൗരന്മാരുടെ വാട്സ് ആപ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്ന് വാട്സ് ആപ് അധികൃതര്‍ അറിയിച്ചു. ഐടി വകുപ്പിനെയാണ് വിവരം അറിയിച്ചത്. മെയ് മാസത്തിലാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് സെപ്റ്റംബറിലും മുന്നറിയിപ്പ് നല്‍കിയതായി പേരുവെളിപ്പെടുത്താത്ത വാട്സ് ആപ് ജീവനക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാട്സ് ആപ് സന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ മാസം നാലിന് വിശദീകരണം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. ലോകത്ത് പലരുടെയും വാട്സ് സന്ദേശം ചോര്‍ത്തപ്പെടുന്നതായാണ് മേയില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാരുടേതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കിയെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

വാട്സ് ആപ് വിവരങ്ങള്‍ ചോരുന്നത് നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്പൈവേര്‍ എന്ന കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാട്സ് ആപ് അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios