ഭാരതത്തിന്റെ വികസനത്തിൽ നല്ല ഭരണനിർവ്വഹണത്തിന്റെ പ്രാധാന്യവും, രാഷ്ട്രീയത്തിലെ അനാവശ്യ കോലാഹലങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. 2004-2014 കാലഘട്ടത്തിലെ ഭരണവൈകല്യങ്ങളെ നേരിട്ടുള്ള പണ കൈമാറ്റം ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിലൂടെ മോദി സ‍ര്‍ക്കാര്‍ മറികടന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു.

സാങ്കേതികവിദ്യയുടെ ഭാവി എന്ന എൻ്റെ പതിവു ചിന്തകളിൽ നിന്ന് ഞാൻ അല്പം മാറി ചിന്തിക്കുകയാണ്. എൻ്റെ മനസ്സിൽ മറ്റൊരു ചോദ്യമുണ്ട്. നല്ല ഭരണത്തിലൂടെ എന്താണ് കൈവരിക്കാനാകുകയെന്നും അതിന്റെ അഭാവം ഉണ്ടാക്കുന്ന വിലയെന്താണെന്നും പുതിയ തലമുറയിലെ ഭാരതീയർ മനസ്സിലാക്കുന്നുണ്ടോ എന്ന ചോദ്യം. രാജ്യത്തെ യഥാർത്ഥ കാര്യവും ഇപ്പോഴുണ്ടാകുന്ന കോലാഹലങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പൗരന്മാ‍ര്‍ക്ക് മനസിലാക്കുന്നുണ്ടോ എന്ന ചോദ്യം. കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ പൊതുരംഗത്ത് പ്രവ‍ര്‍ത്തിക്കുന്നുണ്ട്. ആ സമയത്തിനിടയിൽ, തങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഉത്തരവാദിത്തത്തോടെ പണി ചെയ്യുന്നുണ്ടോ എന്ന, ഒരു പൗരന്റെ പ്രധാനപ്പെട്ട ചോദ്യത്തിൽ നിന്ന് രാഷ്ട്രീയം മാറിപ്പോകുന്നതും, കേവലം ശബ്ദകോലാഹലങ്ങൾ മാത്രമായി മാറുന്നതും ഞാൻ കണ്ടു. തങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഉത്തരവാദിത്തത്തോടെ പണി ചെയ്യുന്നുണ്ടോ? 2014-ന് ശേഷം വോട്ടർമാരായ 15 കോടി ഭാരതീയരും, അടുത്ത ദശകത്തിൽ വോട്ടർമാരാകാൻ പോകുന്ന ദശകോടിക്കണക്കിന് ആളുകളുമാണ് ഈ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കൂട്ടർ.

'നഷ്ടപ്പെട്ട ദശകം' എന്ന് വിളിക്കാവുന്ന 2004-2014 കാലഘട്ടത്തിലെ ഇന്ത്യയും ഇപ്പോൾ കെട്ടിപ്പടുക്കുന്ന ഇന്ത്യയും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഒരു കൂട്ടം പദ്ധതികളുടെ പട്ടിക മാത്രമല്ല ഇതിനുള്ള ഉത്തരം. പൗരനും ഭരണകൂടവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധത്തിലുണ്ടായ മാറ്റം കൂടിയാണ് അതിനുള്ള ഉത്തരം. 2004-2014 കാലഘട്ടത്തിൽ ഒരു പൗരന്റെ ജീവിതം നിശ്ചയിച്ചിരുന്ന ചോദ്യം 'നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും' എന്നതായിരുന്നില്ല; മറിച്ച് "നിങ്ങൾക്ക് ആരെയാണ് പരിചയം എന്നതായിരുന്നു. കഴിവ് നോക്കിയല്ല, പകരം പരിചയക്കാര്‍ സ്വാധീനിക്കാൻ ഉണ്ടെങ്കിൽ കാര്യം നടക്കുമെന്ന സ്ഥിതി. ആ കാലഘട്ടത്തിൽ കഴിവ് നോക്കിയല്ല കരാറുകൾ നൽകിയിരുന്നത്. മികച്ച ആശയങ്ങളിലേക്കല്ല പകരം മറിച്ച് മികച്ച സ്വാധീനമുള്ളവരിലേക്കാണ് മൂലഘനമെത്തിയിരുന്നത്.

ആ കാലത്ത് രാജ്യത്തെ ബാങ്കിംഗ് രംഗത്തെ ആകെ ആസ്തിയുടെ ഏകദേശം 98 ശതമാനത്തോളം ബാധ്യതയും വരുത്തിവച്ചത് വെറും 10 വ്യവസായ ഗ്രൂപ്പുകളാണെന്നാണ് 2012-ലെ ഒരു ക്രെഡിറ്റ് സൂയിസ് റിപ്പോർട്ട് പറയുന്നത്. എന്നാൽ അതേസമയം തന്നെ തൃശ്ശൂരിൽ ഒരു കട നടത്തുന്ന സ്ത്രീക്കോ, സൂററ്റിലെ ചെറുകിട വ്യവസായരംഗത്തുള്ള ഒരു യുവ എഞ്ചിനീയർക്കോ വായ്പ നിഷേധിക്കപ്പെടുകയായിരുന്നു. അതായത് ചെറുകിട വ്യവസായരംഗത്തുള്ളവരെ പാടെ പരിഗണിക്കാതിരിക്കുന്ന സാഹചര്യം. ക്ഷേമപദ്ധതികളുടെ ഒരു രൂപയിൽ 15 പൈസയിൽ താഴെ മാത്രമേ യഥാർത്ഥ ഗുണഭോക്താവിലേക്ക് എത്തുന്നുള്ളൂവെന്ന് മുൻ പ്രധാനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

JAM Trinity -ജൻ ധൻ, ആധാർ, മൊബൈൽ ഇതെല്ലാം വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ല. അതൊരു മികച്ച ഭരണനിർവ്വഹണത്തിന്റെ ഫലമാണ്. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി. 2014 മുതൽ 53 ലക്ഷം കോടിയിലധികം രൂപ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്തു. വെറും 15 പൈസ മാത്രം കിട്ടിയിരുന്ന ആ പഴയ രീതി അവസാനിപ്പിക്കപ്പെട്ടു.

വെറും ഒമ്പത് വർഷത്തിനുള്ളിൽ ഏകദേശം 25 കോടി ഭാരതീയർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നതാണ് നീതി ആയോഗിന്റെ ഡാറ്റ സൂചിപ്പിക്കുന്നത്. ദരിദ്ര്യര്‍ 2013-14 ലെ 29.17 ശതമാനത്തിൽ നിന്ന് 2022-23 ൽ 11.28 ശതമാനമായി കുത്തനെ കുറഞ്ഞു. കർഷകർക്കായി 4.47 ലക്ഷം കോടി രൂപ കൈമാറി. ഏറ്റവും ഒടുവിലത്തെ ഗഡുവിൽ മാത്രം ഏകദേശം 9.5 കോടി ആളുകൾക്കാണ് ഇടനിലക്കാരുടെ യാതൊരു വെട്ടിക്കുറയ്ക്കലുമില്ലാതെ തുക ലഭിച്ചത്. നല്ല ഭരണത്തിന്റെ ഗുണം ഇരട്ടിച്ചുകൊണ്ടിരിക്കും. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ ഒരു കുടുംബം വീണ്ടും അതിലേക്ക് തിരികെ പോകാൻ സാധ്യതയില്ല. ഒരു കർഷകന് ലഭിക്കുന്ന ആത്മാഭിമാനം ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല.

ക‍ര്‍ണാടകയിലേയും കേരളത്തിലേയും സ്ഥിതി

എന്നാൽ കർണാടകയിലെ സ്ഥിതി നോക്കൂ. 52,000 കോടി രൂപ നഷ്ടമുള്ള സൗജന്യ പദ്ധതികൾക്ക് പണം കണ്ടെത്താനായി ഒറ്റ വർഷം കൊണ്ട് കടമെടുപ്പ് 90,280 കോടി രൂപയിൽ നിന്ന് 1,04,000 കോടി രൂപയായി ഉയർന്നു. അവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ റോഡുകളും ആശുപത്രികളും ഉണ്ടാക്കുന്നതിനുള്ള ചെലവുകൾ പൂർണ്ണമായും വെട്ടിക്കുറയ്ക്കപ്പെട്ടു.

കേരളത്തിലെ പുതിയ സർക്കാർ 2026 ജൂണിൽ സമർപ്പിച്ച ധവളപത്രത്തിൽ, ഒരു പതിറ്റാണ്ടിലെ ഇടത് ഭരണത്തിൻ്റെ ഫലമായി 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 2025-ൽ സംസ്ഥാനം 84 ദിവസമാണ് ആർ.ബി.ഐയുടെ ഓവർഡ്രാഫ്റ്റിൽ കഴിഞ്ഞത്. അവിടെ മൂലധന ചെലവ് ജി.എസ്.ഡി.പി (GSDP)-യുടെ വെറും 1.3 ശതമാനം മാത്രമാണ്, ഇത് ദേശീയ ശരാശരിയുടെ പകുതിയിലും താഴെയാണ്.

അനീതികൾക്കെതിരെയുള്ള യഥാർത്ഥ പ്രക്ഷോഭങ്ങൾ ഏതാണ് ?

അനീതികൾക്കെതിരെയുള്ള യഥാർത്ഥ പ്രക്ഷോഭങ്ങളാണ് ജനാധിപത്യത്തിന്റെ ജീവനാഡി. ഭാരതത്തിന്റെ ചരിത്രം അതിന് ഉദാഹരണമാണ്. ഞാനും അതിൽ പലതിലും പങ്കാളിയായിട്ടുണ്ട്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള ഒരു പൗരന്റെ അവകാശം തർക്കമില്ലാത്ത കാര്യമാണ്. പക്ഷേ ഞാൻ വിവരിക്കുന്നത് അതിൽ നിന്ന് വേറിട്ട ഒന്നാണ്. ഒരു രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ ആസൂത്രിതമായി ഭരണനിർവ്വഹണം തടസ്സപ്പെടുത്തുന്നത് വിശ്വസനീയമായ മറ്റൊരു ബദൽ നയം ഇല്ലാത്തത് മറച്ചുവെക്കാൻ കൃത്രിമമായി പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. ഒരു പ്രത്യേക പരാതി ഉന്നയിക്കാനല്ല, മറിച്ച് നിയമനിർമ്മാണം തടയാനാണ് പാർലമെന്റ് തടസ്സപ്പെടുത്തുന്നത്. സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഹൈവേകൾ ഉപരോധിക്കുന്നു.

ഇത് ഉത്തരവാദിത്തമല്ല. വാദങ്ങൾക്ക് പകരം ബഹളം വെച്ച് കാര്യം സാധിക്കലാണ്. ഇതിന്റെ ഏറ്റവും വലിയ ആഘാതം യുവതലമുറയിലാണ് ഉണ്ടാകുന്നത്. അരാജകത്വം സൃഷ്ടിക്കാനുള്ള കഴിവിനെ ഭരിക്കാനുള്ള കഴിവായി തെറ്റിദ്ധരിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം. അത് ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ പ്രണാമത്തിലേക്ക് നയിക്കുന്നു. രാഷ്ട്രീയത്തിൽ പങ്കാളികളാകുകയോ നേതാക്കളെ വിചാരണ ചെയ്യുകയോ ചെയ്യാത്ത ഒരു കൂട്ടം നിരുത്സാഹികളായ തലമുറ സൃഷ്ടിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യമാണ് ഭാരതം. ഈ തലമുറ വളർത്തിയെടുക്കുന്ന രാഷ്ട്രീയ മൂല്യങ്ങളാണ് അടുത്ത 50 വർഷത്തെ ഭാരതീയ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നത്.

ഒരു പാദത്തിൽ മാത്രം രാജ്യത്തെ ആകെയുള്ള വിദേശ നിക്ഷേപത്തിന്റെ പകുതിയിലധികം നേടി ഭാരതത്തിലെ എഫ്.ഡി.ഐ റാങ്കിംഗിൽ മഹാരാഷ്ട്ര ഒന്നാമതെത്തിയത് നോക്കൂ. തുടർന്ന് കേരളത്തിലും കർണാടകയിലും ഇതിന്റെ ബദൽ രാഷ്ട്രീയങ്ങൾ എന്താണ് ഉണ്ടാക്കിയതെന്ന് നോക്കൂ. ഭാവി നിക്ഷേപങ്ങളെ തടയുന്ന കടബാധ്യതകൾ, അടിസ്ഥാന സൗകര്യ വികസന തുകകളെ ഇല്ലാതാക്കുന്ന അനിയന്ത്രിതമായ ചെലവഴിക്കലുകൾ, ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പണം തട്ടിയെടുക്കുന്ന അഴിമതി.

ഒരു യുവ ഭാരതീയന്റെ മുന്നിലുള്ള ചോദ്യം ആശയപരമല്ല, അത് വ്യക്തിപരമാണ്. ഏത് സംവിധാനമാണ് നിങ്ങൾക്ക് മെച്ചപ്പെട്ട അവസരം നൽകുന്നത്? നിങ്ങളുടെ വിജയം നിങ്ങളുടെ കഴിവ്, ആശയം, അദ്ധ്വാനം എന്നിവയെ ആശ്രയിച്ചിരിക്കുന്ന സംവിധാനമോ? അതോ, നിങ്ങൾക്ക് ആരെ അറിയാം, ഏത് പാർട്ടിയുമായി ബന്ധമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്ന സംവിധാനമോ? നിങ്ങളുടെ ഗ്രാമത്തിലേക്ക് റോഡും നിങ്ങൾക്ക് ജോലി ലഭിച്ചേക്കാവുന്ന വ്യവസായ പാർക്കും നിർമ്മിക്കുന്ന സംവിധാനമോ? അതോ, ഇന്നത്തെ ചെലവുകൾക്കായി കടമെടുത്ത് നാളത്തെ അടിസ്ഥാന സൗകര്യങ്ങളെ ഫണ്ടില്ലാതെ ഉപേക്ഷിക്കുന്ന സംവിധാനമോ?

ആലോചിച്ചു നോക്കുമ്പോൾ, ഈ ലേഖനം സാങ്കേതികവിദ്യയിൽ നിന്നുള്ള ഒരു വലിയ മാറ്റമൊന്നുമല്ല. നല്ല ഭരണത്തിന് ഞാൻ ഉന്നയിക്കുന്ന വാദങ്ങൾ സാങ്കേതികവിദ്യയുടെ ഭരണനിർവ്വഹണത്തിന് ഞാൻ നൽകുന്ന അതേ വാദങ്ങൾ തന്നെയാണ്. പൗരന്മാർക്കായി സുതാര്യമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾ, അത് നടത്തുന്നവരെ സേവിക്കാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളേക്കാൾ മികച്ച ഫലങ്ങൾ നൽകുന്നു. ഏത് സർക്കാരാണ് യഥാർത്ഥത്തിൽ എന്തെങ്കിലും കെട്ടിപ്പടുക്കുന്നത്? ഏത് സർക്കാരാണ് അടുത്ത തലമുറയെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നത്. അതാണ് 'സിഗ്നൽ' (യഥാർത്ഥ കാര്യം). ബാക്കിയെല്ലാം വെറും ബഹളങ്ങൾ മാത്രമാണ്.

(ലേഖകൻ: മുൻ എം.പി, ഭാരത സർക്കാരിന്റെ മുൻ ഇലക്ട്രോണിക്സ് & ഐ.ടി, നൈപുണ്യ വികസന സഹമന്ത്രി, ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്റും നേമം എം.എൽ.എയുമാണ്. ആശയങ്ങൾ വ്യക്തിപരം.)