ദില്ലിയിലെ പോലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
ദില്ലി: ദില്ലിയിലെ പോലീസ് അതിക്രമത്തില്‍ അമിത് ഷായുടെ മറുപടിക്കായി ഇന്നും ലോക് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ ബഹളം വച്ച പ്രതിപക്ഷം സഭ നടപടികള്‍ക്കിടെ ഇറങ്ങിപ്പോയി. പരീക്ഷ ഭേദഗതി ബില്ലില്‍ രണ്ട് മണിക്ക് രാജ്യസഭയില്‍ ചര്‍ച്ച നടക്കും. വിഷയങ്ങളില്ലാത്ത പ്രതിപക്ഷം ഗോള്‍പോസ്റ്റ് മാറ്റി കളിക്കുകയാണെന്ന് ജെ പി നദ്ദ പരിഹസിച്ചു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ സ്വതന്ത്ര ഉന്നത തല അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ലോക്സഭ നടപടികള്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി മുദ്രാവാക്യം ശക്തമാക്കി. സഭ നടപടികളോട് സഹകരിക്കാന്‍ താല്‍പര്യമില്ലേയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ അമിത് ഷായോട് സഭയിലെത്താന്‍ പറയൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിലെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു. ബഹളം കനത്തതോടെ സഭ രണ്ട് മണി വരെ നിര്‍ത്തി വച്ചു. രാജ്യസഭയിലും പ്രതിഷേധം കനത്തു. അമിത്ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. ബഹളത്തെ അവഗണിച്ച് നടപടികള്‍ തുടര്‍ന്ന ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. ഏത് വിഷയത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും, വിഷയങ്ങളില്ലാത്ത പ്രതിപക്ഷം ബഹളം വച്ച് സമ്മേളനം ഉഴപ്പാനാണ് ശ്രമിക്കുന്നതെന്നും ജെപി നദ്ദ ആരോപിച്ചു.
വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷായാണെന്ന ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ നടന്ന ക്രൂരമര്‍ദ്ദനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹമാധ്യമ പേജിലൂടെ പുറത്ത് വിട്ടു. യൂണിഫോമിലല്ലാത്തെ ആളുകള്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതിന്‍റെയും, നിലത്തേക്കിടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പരസ്യമാക്കിയത്. കണ്ണീര്‍ വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ തുരത്തിയോടിച്ചെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.

