ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്ത സംഭവം നിരാശാജനകമെന്ന് കോൺ‌​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇക്കാര്യത്തിൽ ഇടപെടണമെന്ന് 
വിദേശ കാര്യ മന്ത്രാലയത്തിനോട് രാഹുൽ ​ഗാന്ധി അഭ്യർത്ഥിച്ചു. 'വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും ട്വിറ്ററിൽ അൺഫോളോ ചെയ്ത സംഭവം എന്നെ നിരാശപ്പെടുത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

21 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും യു.എസിലെ ഇന്ത്യന്‍ എംബസിയുടേയും ട്വിറ്റര്‍ ഹാന്‍ഡില്‍ അണ്‍ഫോളോ ചെയ്തത്. ഏപ്രില്‍ 10 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. 

അതേ സമയം അണ്‍ഫോളോ ചെയ്തതിനെക്കുറിച്ച് വിശദീകരണവുമായി വൈറ്റ് ഹൌസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രത്തിന്‍റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് വൈറ്റ് ഹൗസ് അവരെ ഫോളോ ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി അവസാന ആഴ്ച അമേരിക്കന്‍ പ്രസിഡന്‍റ്  ജോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ചെയ്യാന്‍ തുടങ്ങിയത്. ഈ ആഴ്ച ആദ്യം ഇവരെയെല്ലാം അണ്‍ഫോളോ ചെയ്യുകയും ചെയ്തു.