ദില്ലി:  രാജ്യത്ത്  കൊവിഡ് സാമൂഹിക വ്യാപനത്തിലെത്തിയെന്ന ഐസിഎംആര്‍ പഠനം തള്ളി ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും.  സാമൂഹിക  വ്യാപനം ഉറപ്പിക്കുന്ന  കേസുകൾ ഇതുവരെ ഇല്ലെന്ന്   ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ലോക്ക് ഡൗണ്‍ തീരുന്ന പതിനാലിന് മുന്‍പ് രണ്ടരലക്ഷം
പരിശോധന പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
നല്‍കി. 

തീവ്രശ്വാസകോശ രോഗങ്ങളുമായി കഴിഞ്ഞ ഫെബ്രുവരി പതിന‍ഞ്ചിനും, ഏപ്രില്‍ രണ്ടിനുമിടയില്‍ ചികിത്സ തേടിയ 5911 പേരില്‍ 104 പേര്‍ക്ക് കൊവിഡ്
സ്ഥിരീകരിച്ചു. ഇവരില്‍ 40 പേരില്‍ രോഗബാധയുടെ ഉറവിടം അജ്ഞാതമെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലുള്ള ഇവര്‍ വിദേശ യാത്ര നടത്തിയിട്ടില്ല, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ സമൂഹവ്യാപമെന്ന നിഗമനത്തിലത്താമെന്നാണ്
ഐസിഎംആറിന്‍റെ കൊവിഡ് രണ്ടാംഘട്ട പഠനം ചൂണ്ടിക്കാട്ടുന്നത്.  ഈ സാധ്യത ആരോഗ്യമന്ത്രാലയം തള്ളി.

രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമില്ല. ഐസിഎംആര്‍ ചൂണ്ടിക്കാട്ടിയ കേസുകള്‍ വീണ്ടും പരിശോധിക്കുമെന്നും കുടുംബക്ഷേമ ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലവ് അഗവര്‍വാള്‍ പറ‍ഞ്ഞു.  ഐസിഎംആര്‍ ചൂണ്ടിക്കാട്ടിയ കണക്ക് സമൂഹവ്യാപനത്തിന് പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. തങ്ങളുടെ റിപ്പോര്‍ട്ടിലെ പിശക് തിരുത്തിയിട്ടുണ്ടെന്നും  ലോകാരോഗ്യ സംഘടന പ്രതിനിധി ഒരു  ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. 

അതേ സമയം റിപ്പോര്‍ട്ടിനോട് ഐസിഎംആര്‍ പ്രതികരിച്ചില്ല. സാമൂഹിക വ്യാപനമുണ്ടെന്ന പ‍ഞ്ചാബ് മുഖ്യമന്ത്രിയുടെ നിലപാടും കേന്ദ്രം അംഗീകരിക്കുന്നില്ല.  രോഗവ്യാപനത്തിന്‍റെ തോത് ഉയര്‍ന്ന പശ്ചാത്തലത്തില്‍ 1110 ജില്ലകളില്‍ കൂടി പൂള്‍ ടെസ്റ്റ് നടത്താനാണ് കേന്ദ്ര നിര്‍ദ്ദേശം. ക്ഷയരോഗ നിര്‍ണ്ണയത്തിനുപയോഗിക്കുന്ന ട്രൂനാറ്റ് മെഷീന്‍ കൊവിഡ് സ്ക്രീനിംഗിനുപയോഗിക്കാമെന്ന് ഐസിഎംആര്‍
വ്യക്തമാക്കി.