തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രൂപാണിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രധാന നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. 

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ പകരം സ്ഥാനത്തേക്ക് ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഗുജറാത്ത് മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും നിരവധി നേതാക്കളുടെ പേരാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബിജെപി ഇത് സംബന്ധിച്ച് സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രൂപാണിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രധാന നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. 

നിതിന്‍ പട്ടേല്‍: അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയര്‍ന്നവരുന്ന പേരില്‍ പ്രധാനിയാണ് നിതിന്‍ പട്ടേല്‍. നിലവില്‍ ഉപമുഖ്യമന്ത്രി. 1990ല്‍ ആദ്യമായി അസംബ്ലിയിലെത്തിയ നിതിന്‍ പട്ടേല്‍ നിലവില്‍ മുതിര്‍ന്ന നേതാക്കളിലൊരാളാണ്. 1995ലാണ് ആദ്യമായി മന്ത്രിയാകുന്നത്. ആരോഗ്യം, കുടുംബക്ഷേമം, കൃഷി, ജലസേചനം, റോഡ്, കെട്ടിടം. ധനകാര്യം, റവന്യൂ, ജലവിഭവം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് നിതിന്‍ പട്ടേല്‍ കൈകാര്യം ചെയ്തത്. 

നിതിന്‍ പട്ടേല്‍

മാന്‍സുഖ് മാണ്ഡവ്യ: കേന്ദ്ര ആരോഗ്യമന്ത്രിയായ മാന്‍സുഖ് മാണ്ഡവ്യയും പട്ടികയിലുണ്ട്. 2002ല്‍ മോദി മുഖ്യമന്ത്രിയായപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായിരുന്നു മാണ്ഡവ്യ. മോദിയുടെ പ്രിയങ്കരന്‍ എന്നതാണ് മാണ്ഡവ്യക്ക് സാധ്യതയേറാനുള്ള പ്രധാന കാരണം. എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗപ്രവേശം. പാലിതാന ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയാകുന്നതിന് മുമ്പ് കേന്ദ്ര ഗതാഗത സഹമന്ത്രിയായിരുന്നു.

മാന്‍സുഖ് മാണ്ഡവ്യ

ആര്‍ സി ഫല്‍ദു: ജാംനഗര്‍ സൗത്ത് എംഎല്‍എ. കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് നിലവില്‍. ഭരണപരിചയമാണ് ഫല്‍ദുവിനുള്ള അനുകൂല ഘടകം. 

സിആര്‍ പാട്ടീല്‍: നിലവിലെ സൂറത്ത് എംപി. സൂറത്ത് നഗര വികസനത്തിന്റെ സൂത്രധാരന്‍. ടെക്‌സ്റ്റൈല്‍, ഡയമണ്ട് വ്യവസായത്തിന്റെ വികസനത്തിനും ചുക്കാന്‍ പിടിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്നതും അനുകൂല ഘടകം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona