മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി അമേരിക്കൻ ജയിലിൽ 35 വർഷത്തെ തടവ് അനുഭവിക്കുകയാണ്.

ദില്ലി: ഇന്ത്യയെയും ലോകത്തെയും ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് 17 വര്‍ഷം തികയുമ്പോള്‍ പ്രധാന സൂത്രധാരന്മാരിലൊരാളായ കോള്‍മാന്‍ ഹെഡ്ലിയെ എത്തിക്കാനായില്ല. മറ്റൊരു പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് തിരികെ എത്തിച്ചപ്പോഴും യുഎസ് പൗരനായ ഹെഡ്ലിയെ കൈമാറാന്‍ അമേരിക്ക ഇതുവരെ തയാറായിട്ടില്ല. 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേരാണ് അന്ന് ഭീകരരുടെ തോക്കിനിരയായത്.

മുംബൈ ഭീകരാക്രമണങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ വംശജനായ യുഎസ് പൗരന്‍ കോള്‍മാന്‍ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദ കുറ്റങ്ങൾക്കും ഒരു ഡാനിഷ് പത്രത്തിനെതിരെ ആസൂത്രണം ചെയ്ത ആക്രമണത്തിനും നിലവിൽ അമേരിക്കൻ ജയിലിൽ 35 വർഷത്തെ തടവ് അനുഭവിക്കുകയാണ് ഹെഡ്ലി. ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക നിരസിക്കുകയായിരുന്നു. നയതന്ത്രമായി ഇത്രയും വര്‍ഷങ്ങള്‍ ഇന്ത്യ ഇടപെടല്‍ നടത്തിയിട്ടും സ്വന്തം പൗരനെ അമേരിക്ക വിട്ടുനല്‍കിയില്ല.

ആരാണ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി?

പ്രമുഖ പാകിസ്ഥാൻ നയതന്ത്രജ്ഞനായിരുന്ന സയ്യിദ് സലിം ഗിലാനിയുടെയും അമേരിക്കൻ പൗരയായ ഭാര്യ ആലീസ് സെറിൽ ഹെഡ്‌ലിയുടെയും മകനായി വാഷിംഗ്ടൺ ഡിസിയിൽ ദാവൂദ് സയ്യിദ് ഗിലാനി എന്ന പേരിലാണ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി ജനിച്ചത്. പാകിസ്ഥാനിലെ ബോർഡിംഗ് സ്കൂളിലാണ് ഹെഡ്‌ലി തന്റെ ബാല്യകാലം ചെലവഴിച്ചത്. പിന്നീട് അദ്ദേഹം യുഎസിലേക്ക് മാറി. ഫിലാഡൽഫിയയിലെ തന്റെ കുടുംബ പബ്ബിൽ ബാർമാനായി ജോലി ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി അയാൾ ബന്ധം സ്ഥാപിച്ചു. 

1998-ൽ, പാകിസ്ഥാനിൽ നിന്ന് യുഎസിലേക്ക് ഹെറോയിൻ കടത്തിയതിന് രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. മോചിതനായ ശേഷം, ഹെഡ്‌ലി യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായി (ഡിഇഎ) ചേർന്ന് പാകിസ്ഥാനിൽ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. 2002 നും 2005 നും ഇടയിൽ പാകിസ്ഥാനിൽ നടന്ന അഞ്ച് ലഷ്കർ ഇ തൊയ്ബ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്ത ശേഷം, ലഷ്കർ കമാൻഡർമാരുടെ നിർദ്ദേശപ്രകാരം ഹെഡ്‌ലി ഇന്ത്യയിലേക്ക് യാത്ര നടത്തി. 2008 ലെ മുംബൈ ആക്രമണത്തിന് മുമ്പ് അഞ്ച് തവണ ഹെഡ്ലി ഇന്ത്യയിലെത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഡെൻമാർക്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ് 2009 ൽ യുഎസ് അധികൃതർ ഹെഡ്ലിയെ അറസ്റ്റ് ചെയ്തു. പിന്നീട് തീവ്രവാദ കുറ്റങ്ങൾ സമ്മതിച്ച ഹെഡ്ലി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റേതടക്കം ലഷ്കർ ഇ തൊയ്ബയുടെ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ ഹെഡ്ലി വെളിപ്പെടുത്തി.