യൂട്യൂബില്‍ ഈ ചെറുപ്പക്കാരനെ പിന്തുടരുന്നത് 19 മില്യണ്‍ ആളുകളാണ്. ഇന്‍സ്റ്റയില്‍ 7.6 മില്യണ്‍, എഫ്ബിയില്‍ 2.8 മില്യണ്‍, എക്സില്‍ 2.1 മില്യണ്‍. പങ്കുവയ്ക്കുന്ന വിഡിയോകള്‍ക്കെല്ലാം കോടിക്കണക്കിന് കാഴ്ചക്കാര്‍

ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഇപ്പോൾ നിറഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ ശബ്‍ദമാണ് ധ്രുവ് റാഠി. മോദിപ്പേടി ഇല്ലാതെ പറയാനുള്ളത് പറഞ്ഞ് രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ് ധ്രുവ് റാഠി എന്ന ഇന്ത്യന്‍ യുട്യൂബര്‍. ഈ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന് ധ്രുവ് റാഠിയുടേതാണ്. നിനക്ക് ധൈര്യമുണ്ടെങ്കില്‍ ചാന്ദ്നി ചൗക്കിലേക്ക് വാടാ... ഞങ്ങള്‍ നിന്നെ ശരിയാക്കും... ചാനല്‍ മൈക്കിന് മുന്നിലൂടെ ഒരു വൈറല്‍ ഭീഷണി. ആ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യാ ഗേറ്റിന് മുന്നില്‍ നെഞ്ചുംവിരിച്ച് അവന്‍ വന്നു നിന്നു. 

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ അതിരൂക്ഷ വിമർശനങ്ങളാൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു ചെറുപ്പക്കാരനാണ് ധ്രുവ്. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷവും മാധ്യമങ്ങളും ചെയ്യേണ്ട ജോലി ഏറ്റവും വൃത്തിയായി ചെയ്യുന്നവന്‍ എന്ന് വാഴ്ത്ത് സ്വന്തമാക്കി സോഷ്യല്‍ ഇടത്ത് പ്രതിപക്ഷ മനസുകൾ സ്വന്തമാക്കി മുന്നേറുന്ന ഇന്ത്യന്‍ യുട്യൂബറാണ് ധ്രുവ് റാഠി.

യൂട്യൂബില്‍ ഈ ചെറുപ്പക്കാരനെ പിന്തുടരുന്നത് 19 മില്യണ്‍ ആളുകളാണ്. ഇന്‍സ്റ്റയില്‍ 7.6 മില്യണ്‍, എഫ്ബിയില്‍ 2.8 മില്യണ്‍, എക്സില്‍ 2.1 മില്യണ്‍. പങ്കുവയ്ക്കുന്ന വിഡിയോകള്‍ക്കെല്ലാം കോടിക്കണക്കിന് കാഴ്ചക്കാര്‍. സംഘപരിവാറിന്റെ ശക്തമായ സൈബര്‍ ആക്രമണം നേരിടുമ്പോഴും വാടാ പാക്കലാം എന്നാണ് ധ്രുവിന്റെ നയവും നിലപാടും.

ഏറ്റവും ഒടുവില്‍ സൈബർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത് ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് എന്നാണെന്നും ലാഹോറിയെന്നാണെന്നുമാണ്. ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നും പ്രചരാണം ഉണ്ടായി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക്ക് സൈന്യത്തിന്റെ സംരക്ഷയിലാണ് ഇരുവരും താമസിക്കുന്നതെന്നും വരെ പ്രചരിപ്പിച്ചു. ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് എന്നായിരുന്നു ധ്രുവിന്റെ മറുപടി.

ആരാണ് ധ്രുവ് റാഠി

മനസുനിറയെ സിനിമ, ഫോട്ടോഗ്രഫി മോഹം. 2011ല്‍ അണ്ണാ ഹസാരെയുടെ സമരം കണ്ട് രാഷ്ട്രീയം ശ്രദ്ധിച്ച് തുടങ്ങിയ വിദ്യാര്‍ത്ഥി. സാമൂഹിക മാധ്യമങ്ങളില്‍ നിലപാടുകള്‍ ലളിതമായ ഭാഷയിൽ പങ്കുവച്ചാണ് തുടക്കം. മോദി ആദ്യമായി അധികാരമേറിയ സമയം. 'ബിജെപി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്' എന്ന വിഡിയോ അവന്റെ തലവരമാറ്റി. യുപിഎയെ താഴെയിറക്കി എന്‍ഡിഎ വന്നപ്പോള്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ ഒരു ചെറുപ്പക്കാരന്റെ രോഷമായിരുന്നു അതില്‍. അവന്റെ തുറന്നുകാട്ടലിന് കാഴ്ചക്കാരേറി.

നോട്ടുനിരോധനം, ഇലക്‌ട്രൽ ബോണ്ട് , കെജ്രിവാളിന്റെ അറസ്റ്റ്, ദി കേരള സ്റ്റോറി സിനിമ. എല്ലാത്തിലും ബിജെപിയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി ഒട്ടനവധി വീഡിയോകൾ ചെയ്തു. ബിജെപിക്കെതിരെ ഉയര്‍ത്തിയ കുന്തമുനയുള്ള വാക്കുകള്‍ നിറഞ്ഞ വിഡിയോകള്‍ക്കെല്ലാം കോടിക്കണിക്ക് കാഴ്ചക്കാരുണ്ടായി. മോദിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തി താരതമ്യപ്പെടുത്തിയ Is India becoming a DICTATORSHIP? എന്ന വിഡിയോ രാജ്യമെങ്ങും വലിയ വിവാദമായി.

99 ശതമാനം വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ് എന്ന് പറഞ്ഞ ധ്രുവിനെതിരെ ഒരിക്കല്‍ ബിജെപി നേതാവ് വിജയ് ഗോയല്‍ രംഗത്തുവന്നു. 'ദിവാസ്വപ്നം കാണുന്നതു നല്ലതല്ല കുട്ടി' എന്നായിരുന്നു ഗോയലിന്റെ പരിഹാസം. 'അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്‌നം വില്‍ക്കുന്നത് ഇനിയെങ്കിലും മതിയാക്കു എന്ന് മോദിയോട് പോയി പറയൂ' എന്നായിരുന്നു ഇതിന് ധ്രുവിന്റെ മറുപടി. ഇങ്ങനെ കൊണ്ടും കൊടുത്തും ഇന്ത്യന്‍ സോഷ്യല്‍ ലോകത്ത് ജനാധിപത്യം എന്ന വാക്കിന് പര്യായമായി മാറുന്നു ഈ ചെറുപ്പക്കാരന്റെ വാക്കുകളും തുറന്ന് പറയാനുളള ചങ്കൂറ്റവും. പക്ഷേ ധ്രുവ് ഒന്ന് കൂട്ടി ചേർക്കുന്നു. ഇപ്പോൾ അധികാരത്തിൽ മോദിയും ബിജെപിയും ആയതുകൊണ്ട് ഞാൻ അവരെ വിമർശിക്കുന്നു. അധികാരത്തെ ചോദ്യം ചെയ്യുകയാണ് എന്റെ രീതി. നാളെ യുപിഎ വന്നാലും ഞാൻ ഇതുതന്നെ ചെയ്യും - കൃത്യമായി ജനാധിപത്യ മൂല്യങ്ങളാണ് ഈ ചെറുപ്പക്കാരൻ ഉയര്‍ത്തിപ്പിടിക്കുന്നത്. 

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.