ഹൈദരാബാദ്: ലോക്സഭയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. 'ഇന്ത്യന്‍ തമാശകള്‍  ലോകോത്തര നിലവാരമുള്ളതല്ലെന്ന് ആര് പറഞ്ഞു'വെന്നാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചുള്ള പരാമര്‍ശത്തെ പരിഹസിച്ച് സിദ്ധാര്‍ത്ഥ് ടിറ്ററില്‍ കുറിച്ചത്. 

ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം തീരുമാനം എടുക്കുന്നുണ്ട്. നേരത്തേ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അമിത് ഷാ കഴിഞ്ഞ ദിവസം ലോക്സഭയിലെ പ്രമേയ അവതരണ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നത് അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുമെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്. 

തെരഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപിക്കുന്നതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പ് ബിജെപി നേതാക്കള്‍ പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍  മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. 

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക‌് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ‌് നടത്താൻ പറ്റിയ സാഹചര്യം ഇപ്പോൾ ജമ്മുകശ്മീരിൽ ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ബോധപൂര്‍വ്വമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി . ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാൻ വാജ്പേയി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മോദി സർക്കാർ തകിടം മറിച്ചെന്നും പ്രമേയത്തെ എതിര്‍ത്ത്  പ്രതിപക്ഷം ആരോപിച്ചു.