വീണ്ടും തുറക്കാൻ അനുമതി തേടി മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. ഗാംബിയയിലെ 66-ഓളം കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംശയം പ്രകടിപ്പിച്ച മരുന്ന് കമ്പനിയാണിത്.
ദില്ലി: വീണ്ടും തുറക്കാൻ അനുമതി തേടി മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. ഗാംബിയയിലെ 66-ഓളം കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംശയം പ്രകടിപ്പിച്ച മരുന്ന് കമ്പനിയാണിത്. മരുന്ന് സാംപിൾ സിറപ്പുകൾ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചതിൽ തെറ്റായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് സർക്കാറിനെ സമീപിക്കുന്നതെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് അറിയിച്ചു.
ഇന്ത്യൻ നിയമ വ്യവസ്ഥയിലും ജുഡീഷ്യറിയിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ഡയറക്ടർ നരേഷ് കുമാർ ഗോയൽ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫാക്ടറി തുറക്കാൻ അനുമതി തേടി സർക്കാറിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. പക്ഷെ എപ്പോൾ അത് സാധ്യമാകുമെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ വർഷം ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിന് കമ്പനിയുടെ ചുമയ്ക്കും ജലദോഷത്തിനുമുള്ള സിറപ്പുകളും കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒക്ടോബറിൽ ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കലിന്റെ പ്രധാന ഫാക്ടറി ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയിരുന്നു.
എന്നാൽ മെയ്ഡന്റെ ഉൽപ്പന്നങ്ങളുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയതായി അധികൃതർ കണ്ടെത്തി. ലോകാര്യോഗ്യ സംഘടനയ്ക്ക് ഡ്രഗ് കണ്ട്രോളർ ജനറൽ വിജി സോമാനി ഡിസംബർ 13ന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരുന്നിൽ എഥിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്നിവ കണ്ടെത്തിയിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കത്തിനോട് ലോകാരോഗ്യസംഘടന പ്രതികരിച്ചിട്ടില്ല. മെയ്ഡൻ നിർമിച്ച ഉൽപ്പന്നങ്ങളിൽ വിഷാംശവും വൃക്കയ്ക്ക് തകരാറുണ്ടാക്കുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയുടെ അമിതമായ അളവും കണ്ടെത്തിയെന്നായിരുന്നു ഡബ്ല്യൂഎച്ച്ഒ ഒക്ടോബറിൽ പറഞ്ഞത്. പരിശോധനകളുടെ ഫലങ്ങൾ തുടർ നടപടികൾക്കായി വിദഗ്ധ സമിതിക്ക് അയച്ചതായും ലോകാരോഗ്യ സംഘടനയ്ക്ക് അയച്ച കത്തിൽ സോമാനി പറഞ്ഞു. ചണ്ഡീഗഡിലെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയാണ് പരിശോധന നടത്തിയതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
