ദില്ലി: 1045 പേജുകളിലായാണ് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ അയോധ്യ വിധിന്യായം. പക്ഷേ, ആ വിധിന്യായം തയ്യാറാക്കിയത് ആരാണെന്ന് മാത്രം അതിലൊരിടത്തും പറയുന്നില്ല. അസാധാരണവും പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തവുമാണ് ഈ നടപടി.  ഭരണഘടനാ ബെഞ്ചിനു വേണ്ടി ആരാണ് വിധിന്യായം തയ്യാറാക്കിയത് എന്ന് വിധിന്യായത്തില്‍ എഴുതുകയാണ് പതിവ്.

929 പേജുകളിലായാണ് പ്രധാന വിധിന്യായം.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍,  അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.  ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേനയാണ് വിധിന്യായം പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് തന്നെയാണ് വിധി പ്രസ്താവം നടത്തിയത്. 

ഇതോടൊപ്പം 'തര്‍ക്കസ്ഥലത്താണോ ഹിന്ദുവിശ്വാസപ്രകാരം രാമജന്മഭൂമി' എന്ന അനുബന്ധം കൂടിയുണ്ട്. 'മുകളില്‍ പറഞ്ഞ കാരണങ്ങളോടും ഉത്തരവിനോടും യോജിച്ചുകൊണ്ട് ഞങ്ങളില്‍ ഒരാള്‍ തര്‍ക്കസ്ഥലത്താണോ ഹിന്ദുവിശ്വാസപ്രകാരം രാമജന്മഭൂമി എന്ന് വ്യത്യസ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് അനുബന്ധമായി ഉള്‍പ്പെടുത്തിയിരിക്കുന്നു' എന്നാണ് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്. 929ാമത്തെ പേജില്‍ അവസാന ഖണ്ഡികയായാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 

വിധി പുറത്തുവന്നതിനു പിന്നാലെ, എന്തുകൊണ്ട് ന്യായാധിപന്‍റെ പേരില്ല എന്ന് ചര്‍ച്ച ചെയ്യുകയാണ് നിയമലോകം. സുരക്ഷാ കാരണങ്ങളാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഏതെങ്കിലും പ്രശസ്തമായ കേസില്‍ ഇങ്ങനെയൊരു നടപടി സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതായി അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.