വഴിയരികിലിരുന്ന് പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ വിളി കേട്ട് അടുത്തെത്തിയപ്പോൾ പരിഭവം പറച്ചിലും പ്രതിഷേധവും.
ചെന്നൈ : വോട്ട് ചോദിച്ചിറങ്ങുന്ന നേതാക്കളോടും സ്ഥാനാർത്ഥികളോടും ജനങ്ങൾ രോഷം പ്രകടിപ്പിക്കുന്ന നിരവധി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ജനരോഷം നേരിട്ടറിഞ്ഞത്. പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിലായിരുന്നു വീട്ടമ്മയുടെ പ്രതിഷേധം.
പ്രഭാത നടത്തത്തിനിടെ വോട്ടുപിടിത്തത്തിന് ഇറങ്ങിയതായിരുന്നു സ്റ്റാലിൻ . തെരഞ്ഞെടുപ്പ് കാലത്തെ പതിവ് തെറ്റിക്കാതെ , ഈറോഡിലാണ് രാവിലെ ഇറങ്ങിയത്. വഴിയരികിലിരുന്ന് പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ വിളി കേട്ട് അടുത്തെത്തിയപ്പോൾ പരിഭവം പറച്ചിലും പ്രതിഷേധവും. 1000 രൂപ പദ്ധതിക്കുള്ള അപേക്ഷ തള്ളിയെന്നും എല്ലാവർക്കും പണം തരുമെന്ന് വാക്ക് പറഞ്ഞതുകൊണ്ടാണ് വോട്ട് ചെയ്തതെന്നും വഴിയരികിൽ പച്ചക്കറി വിൽക്കുന്ന സ്ത്രീ സ്റ്റാലിനോട് പരിഭവം പറഞ്ഞു. മതിയായ കാരണമില്ലാതെ അപേക്ഷ നിരസിക്കാറില്ലെന്ന് സ്റ്റാലിന്റെ മറുപടി. വീട്ടിൽ സർക്കാർ ജീവനക്കാരുണ്ടെന്ന് വീട്ടമ്മയുടെ മറുപടി. അപ്പോൾ അതാണ് കാരണമെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.
സംസ്ഥാനത്തെ 1.15 കോടി വീട്ടമ്മാർക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കലൈഞ്ജർ മകളിർ
ഉരുമൈ തിട്ടം ഡിഎംകെ സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. എന്നാൽ അപേക്ഷ നൽകിയ അൻപത് ലക്ഷത്തോളം
വീട്ടമ്മാരെ വിവിധ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവരുടെ അമർഷം വോട്ടാക്കി മാറ്റാൻപ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നതിനിടെയാണ് ഈറോഡിലെ പ്രതിഷേധം.
