ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്ന അന്താരാഷ്ട്ര പ്രതിനിധി സംഘത്തെിന്റെ സന്ദർശനത്തിനെതിരെ കോൺഗ്രസ്
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്ന അന്താരാഷ്ട്ര പ്രതിനിധി സംഘത്തെിന്റെ സന്ദർശനത്തിനെതിരെ കോൺഗ്രസ്. കേന്ദ്ര സർക്കാറിന്റെ ഈ നീക്കത്തിൽ നിന്ന് വ്യക്തമാകുന്നത് ജമ്മു കശ്മീരിൽ പലതും ശരിയല്ലെന്നാണെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ട്വീറ്റിൽ ആരോപിച്ചു.
ഇന്ത്യ പരമാധികാരം അടിയറവ് വയ്ക്കില്ലെന്ന് പറയുമ്പോൾ, കേന്ദ്രസർക്കാറിന് എന്തിനാണ് വിദേശ നയതന്ത്രജ്ഞരുടെ സർട്ടിഫിക്കറ്റ് എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാർ തൃപ്തരാകേണ്ടത് ജമ്മു കശ്മീരിലെ ജനങ്ങളുടെ പിന്തുയോടെയാണ്.
അല്ലാത്തപക്ഷം ഇത് പ്രഹസനം മാത്രമായരിക്കും. മാത്രമല്ല, ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന ഇന്ത്യയുടെ കീർത്തി തന്നെ കുറയ്ക്കുന്നതാണ്. സമ്പൂർണ്ണ നയതന്ത്രജ്ഞരുടെ വിരുന്നു നടത്താൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ ദൈവത്തെ ഓർത്ത് ഒരു നിർമിത കെട്ടുകഥയിൽ മുഴുകരുതെന്നും അദ്ദേഹം ട്വീറ്റീൽ കൂട്ടിച്ചേർത്തു.
യൂറോപ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നടക്കമുള്ള 24 അംഗ പ്രതിനിധി സംഘമാണ് കശ്മീരിൽ സന്ദർശനം നടത്തിയത്. യൂറോപ്യൻ യൂണിയന്റെയും ഫ്രാൻസ്, മലേഷ്യ, ബ്രസീൽ, ക്യൂബ, ബംഗ്ലാദേശ് തുടങ്ങി 23 രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.
