Asianet News MalayalamAsianet News Malayalam

എന്ത് കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു? കാരണങ്ങള്‍ ഇവയാണ്

രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം ചില സംസ്ഥാനങ്ങള്‍ നിരോധന ആവശ്യം ഉന്നയിച്ചതും നിര്‍ണായകമായി.

why mha banned popular front details
Author
First Published Sep 28, 2022, 8:23 AM IST

ദില്ലി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം ചില സംസ്ഥാനങ്ങള്‍ നിരോധന ആവശ്യം ഉന്നയിച്ചതും നിര്‍ണായകമായി. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്വേഷണത്തില്‍ ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ടുകള്‍ ശേഖരിക്കുന്നത് പിഎഫ്ഐ അംഗങ്ങള്‍ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്.

പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ആഘാതം സൃഷ്ടിക്കുന്നതും രാജ്യത്തിന്‍റെ സുരക്ഷയെയും സാമുദായിക സൗഹാർദത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐ ഏര്‍പ്പെട്ടു. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്.  ഇവ രണ്ടും നിരോധിത സംഘടനകളാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താന്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവര്‍ത്തനം നടത്തി. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

കൂടാതെ, രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി, കേരളത്തില്‍ കോളജ് അധ്യാപകന്‍റെ കൈവെട്ടി മാറ്റി, സംഘടനയെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തി, ഭീകരപ്രവര്‍ത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു തുടങ്ങി കാരണങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കടുപ്പിച്ച് തന്നെ കേന്ദ്രം; ക്യാമ്പസ് ഫ്രണ്ട് അടക്കം പോപ്പുലര്‍ ഫ്രണ്ടിന്‍റെ 8 അനുബന്ധ സംഘടനകൾക്കും നിരോധനം
 

Follow Us:
Download App:
  • android
  • ios