മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബാലാക്കോട്ട് ആക്രമണം മറ്റൊരു ദിവസം നടത്താന്‍ വിദഗ്ധര്‍ ആലോചിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മേഘാവൃതമായ കാലാവസ്ഥയില്‍ ആക്രമണം നടത്തുന്നതാണ് നമുക്ക് ഉചിതമെന്ന അഭിപ്രായം താനാണ് മുന്നോട്ട് വച്ചതെന്നും മോദി ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
നല്ല മഴയും വളരെ മേഘാവൃതമായ കാലാസ്ഥയുമായിരുന്നു അന്ന്. അര്‍ധരാത്രി 12 മണിയോടെയാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. മോശം കാലാസ്ഥയായതിനാല്‍ ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധരുടെ ചിന്ത. എന്നാല്‍ ഈ കാലാവസ്ഥ നമുക്ക് കവചം തീര്‍ക്കുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. റഡാറുകളില്‍ നിന്ന് കൂടുതല്‍ രക്ഷ തീര്‍ക്കാന്‍ കാലാവസ്ഥ അനുകൂലമാകുമെന്നായിരുന്നു ഞാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം.
തുടര്‍ന്ന് 1.30 ഓടെ നമ്മള്‍ നീക്കം ആരംഭിച്ചു. 2.55ന് അത് പൂര്‍ത്തിയാക്കി 3.20ന് തനിക്ക് അത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം 12 മിറാഷ് 2000 ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചു. നിയന്ത്രണരേഖയിലെ നിരവധി ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ക്രെഡിറ്റും ആവശ്യമില്ല. മോദിക്ക് ക്രെഡിറ്റ് ലഭിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. നമ്മുടെ സൈനിക വിഭാഗങ്ങളുടെ നേട്ടങ്ങള്‍ കുറച്ചുകാണുന്ന അവസ്ഥയുണ്ടാകരുത്. അവര്‍ നമ്മുടെ സേനയാണ്. രാജ്യത്തിന്‍റെ അഭിമാനവും. എന്നിട്ടും എന്തിനാണ് അതിനെ കുറച്ചുകാണാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷമായിരുന്നു. പാക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ന്നതായി വ്യോമസേന വ്യക്തമാക്കിയിരുന്നു.

