പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത് പെണ്‍കുട്ടി കുഴപ്പം ക്ഷണിച്ചു വരുത്തി എന്നാണ്.

ദില്ലി: അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന പരാമർശം നടത്തിയ ജഡ്ജിയെ സുപ്രീം കോടതി നേരത്തെ ശാസിച്ചിരുന്നു. ഇത്തവണ മറ്റൊരു കേസിൽ അതിജീവിതയെ കുറ്റപ്പെടുത്തിയതിനാണ് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചത്. 

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത് പെണ്‍കുട്ടി കുഴപ്പം ക്ഷണിച്ചു വരുത്തിയതാണ് എന്നാണ്. എന്തിനാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് സുപ്രീം കോടതി ജഡ്ജി ബി ആർ ഗവായ് ചോദിച്ചു. ജഡ്ജിമാർ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. 

"ജാമ്യം നൽകാം. പക്ഷേ എന്തിനാണ് അത്തരം പരാമർശങ്ങൾ നടത്തുന്നത്? അവൾ തന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തി എന്നതാണോ ഇവിടെ ചർച്ച? ഇങ്ങനെയൊക്കെ പറയുമ്പോൾ ശ്രദ്ധിക്കണം"- എന്നാൽ ജസ്റ്റിസ് ഗവായ് പറഞ്ഞത്. 

കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം നൽകാനുള്ള അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി ഈ കേസ് ഗൌരവമായി എടുക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് വിമർശനം. ഇത് നിരവധി പ്രതികൾക്ക് ഒളിവിൽ പോകാൻ വഴിയൊരുക്കി. ഈ പ്രതികൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം എന്ന വ്യവസ്ഥ വെയ്ക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. 

ഉത്തർപ്രദേശ് സർക്കാരിനെയും കോടതി വിമർശിച്ചു. സംസ്ഥാനം ഈ സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ പൂർണ്ണമായും നിരാശയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എന്തുകൊണ്ട് സംസ്ഥാനം ഒന്നും ചെയ്തില്ല? ജാമ്യ ഉത്തരവിനെ ചോദ്യംചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 

നേരത്തെ പെണ്‍കുട്ടിയുടെ മാറിടത്തിൽ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. 

ചീഞ്ഞഴുകിപ്പോയത് 89420 കിലോഗ്രാം കിവി പഴം; കസ്റ്റംസിനെ നിർത്തിപ്പൊരിച്ച് കോടതി, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം