Asianet News MalayalamAsianet News Malayalam

ട്രാക്ടർ മാർച്ചിൽ സംഘർഷം: രാജ്യതലസ്ഥാനത്ത് കർഷകരും പൊലീസും ഏറ്റുമുട്ടുന്നു, ചെങ്കോട്ടയിലും സംഘർഷം

5000- പേർക്കാണ് ദില്ലി പൊലീസ് പ്രതിഷേധത്തിന് അനുവാദം കൊടുത്തതെങ്കിലും അത്രയും ട്രാക്ടറുകൾ തന്നെ അതിർത്തിപ്രദേശങ്ങളിൽ നിന്നും ഇന്ന് ദില്ലിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. 

wide spread violence in tractor march of farmers
Author
Delhi, First Published Jan 26, 2021, 3:49 PM IST

ദില്ലി: റിപബ്ളിക് ദിനത്തിൽ ദില്ലിയിലേക്ക് കർഷകർ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷവും അക്രമവും റിപ്പോർട്ട് ചെയ്തു. പലയിടത്തും കർഷകരും ദില്ലി പൊലീസും ഏറ്റുമുട്ടി. ദില്ലി ഐടിഒയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. ദില്ലി പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് ഇയാൾ മരിച്ചതെന്നും പൊലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും ദില്ലി പൊലീസ് വിശദീകരിക്കുന്നു. 

5000- പേർക്കാണ് ദില്ലി പൊലീസ് പ്രതിഷേധത്തിന് അനുവാദം കൊടുത്തതെങ്കിലും അത്രയും ട്രാക്ടറുകൾ തന്നെ അതിർത്തിപ്രദേശങ്ങളിൽ നിന്നും ഇന്ന് ദില്ലിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ചുരുങ്ങിയത് അരലക്ഷം പേരെങ്കിലും ദില്ലിയിലേക്ക് ഇന്ന് പ്രവേശിച്ചുവെന്നാണ് വിവരം. ഐടിഒയിലും ചെങ്കോട്ടയിലും പ്രതിഷേധിക്കുന്ന കർഷകരെ പൊലീസ് അവിടെ നിന്നും തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും പിൻവലിയാൻ കർഷകർ തയ്യാറായിട്ടില്ല.

ചെങ്കോട്ടയ്ക്ക് അകത്ത് പ്രവേശിച്ച കർഷകരെ ദില്ലി പൊലീസ് കൂടുതൽ പേരുമായി എത്തി പുറത്താക്കിയെങ്കിലും ചെങ്കോട്ടയ്ക്ക് മുൻപിൽ തടിച്ചു കൂടിയവരെ നീക്കാൻ ദില്ലി പൊലീസിന് സാധിച്ചില്ല. സിഗ്ലു അതിർത്തിയിൽ നിന്നും നൂറുകണക്കിന് കർഷകർ ട്രാക്ടറുകളിൽ ചെങ്കോട്ട ലക്ഷ്യമാക്കി എത്തിയെങ്കിലും ഇവരെ ദില്ലി പൊലീസ് തടഞ്ഞു. 

ചെങ്കോട്ടയിലും ഐടിഒയിലും പൊലീസിന് നേരെ കർഷകർ ട്രാക്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ചതായും സൂചയുണ്ട്. ചെങ്കോട്ടയിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ദില്ലി പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. അപ്രതീക്ഷിതമായി ചെങ്കോട്ടയിലേക്ക് വന്ന പ്രതിഷേധക്കാർ അവിടെയുണ്ടായിരുന്ന ചുരുക്കം പൊലീസുകാരെ വിരട്ടിയോടിച്ച ശേഷം അകത്ത് പ്രവേശിക്കുകയും പതാക ഉയർത്തുകയും ചെയ്തു. പിന്നീട് കൂടുതൽ ദില്ലി പൊലീസുകാരും കേന്ദ്രസേനയും എത്തി ചെങ്കോട്ടയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. 

ഐടിഒയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ്റെ മൃതദേഹവുമായി ഒരു വിഭാഗം കർഷകർ അവിടെ പ്രതിഷേധം തുടരുകയാണ്. മൃതദേഹവുമായി ഇന്ത്യാ ഗേറ്റിലേക്കോ ചെങ്കോട്ടയിലേക്കോ മാർച്ച് നടത്താനുള്ള ആലോചനയും കർഷക നേതാക്കളുടെ ഇടയിലുണ്ട്. ഗാസിപ്പൂരിൽ നിന്നും എത്തിയ കർഷകരാണ് ഐടിഒയിൽ തുടരുന്നത്. ഇവിടെ റോഡിൻ്റെ രണ്ട് ഭാഗത്തും ട്രാക്ടറുകൾ നിരത്തി നിർത്തി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സമരക്കാർ ആരോപിക്കുമ്പോൾ ആ വാദം പൊലീസ് തള്ളിക്കളയുന്നു. അമിതവേഗതയിൽ ഓടിച്ചു വന്ന ട്രാക്ടർ മറിഞ്ഞാണ് ഈ കർഷകൻ കൊല്ലപ്പെട്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

അതേസമയം സമരത്തിനിടെ രാഷ്ട്രീയക്കാർ നുഴഞ്ഞു കയറിയെന്ന് ഭാരതീയ കിസാൻ സഭ പ്രതികരിച്ചു. നുഴഞ്ഞു കയറിയവർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും പ്രതിഷേധം സമാധാന പൂർണമായിരിക്കണമെന്നും യോഗേന്ദ്ര യാദവ് കർഷകരോട് ആവശ്യപ്പെട്ടു. 

സമരക്കാരെ നിയന്ത്രിക്കാനും കൂടുതൽ സംഘർഷം ഒഴിവാക്കാനും ദില്ലിയിൽ പൊലീസ് ഗതാഗതനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി മെട്രോയുടെ ഗ്രേ ലൈനും മറ്റു നിരവധി സ്റ്റേഷനുകളും ഇതിനോടകം അടച്ചു. പാല പാതകളിലൂടെയുള്ള ഗതാഗതവും പൊലീസ് തടഞ്ഞിരിക്കുകയാണ്. ദില്ലി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഇൻ്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാൻ അനുമതി നൽകിയതെങ്കിലും അതിർത്തിയിൽ നിന്നും ഇപ്പോഴും നൂറുകണക്കിന് ട്രാക്ടറുകൾ ദില്ലി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിൽ സംഘർഷം ഇനിയും നീളാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios