ലക്നൗ: കാമുകിക്കൊപ്പം കാറില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ഭാണ്ഡ ജില്ലയിലാണ് സംഭവം. എന്നാല്‍, പരാതി സ്വീകരിക്കാതിരുന്ന പൊലീസ് ഭര്‍ത്താവിന് താക്കീത് നല്‍കിയതിന് ശേഷം വിട്ടയച്ചു.

യുപിയില്‍ ജൂനിയര്‍ എഞ്ചിനിയറായ ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടിച്ചു എന്നാണ് ഭാര്യയുടെ പരാതി. ഒരു ക്ഷേത്രത്തില്‍ കാമുകിക്കൊപ്പം പോയ ശേഷം കാറില്‍ ഇരുവരും ദോശ കഴിക്കുമ്പോള്‍ ഭാര്യയും സഹോദരനും കൂടി എത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും കാമുകിയെയും സമീപമുള്ള സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും അവരുമായി കറങ്ങി നടക്കുകയാണെന്നുമായിരുന്നു ഭാര്യയുടെ പരാതി. ഇതിന് കൃത്യമായ ഒരു മറുപടി നല്‍കാന്‍ ഭര്‍ത്താവിന് സാധിച്ചില്ല. എല്ലാം കേട്ട ശേഷം പൊലീസ് ഭര്‍ത്താവിന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.