മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ഭാര്യ ഭർത്താവിന്റെ വീട്ടിലെത്തുന്നതെന്നും മറ്റുള്ള ദിവസങ്ങളിൽ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നുമാണ് ഭർത്താവിന്റെ പരാതി

അഹമ്മദാബാദ്: ഭർത്താവിനെ സന്ദർശിക്കുന്നത് മാസത്തിൽ രണ്ട് തവണ മാത്രം, ജോലിക്കാരിയായ ഭാര്യയ്ക്കെതിരെ കോടതിയെ സമീപിച്ച് ഭർത്താവ്. ഭർത്താവെന്ന നിലയിൽ തന്നോടുള്ള കടമകൾ ചെയ്യുന്നതിൽ ഭാര്യ വീഴ്ച വരുത്തുവെന്ന് ആരോപിച്ച് ഭർത്താവ് സൂറത്തിലെ കുടുംബ കോടതിയെയാണ് സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 9 അനുസരിച്ച് ഭർത്താവിനോടുള്ള കടമകളിൽ വീഴ്ച വരുത്തിയെന്നും മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ഭാര്യ ഭർത്താവിന്റെ വീട്ടിലെത്തുന്നതെന്നും മറ്റുള്ള ദിവസങ്ങളിൽ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നുമാണ് പരാതി വിശദമാക്കുന്നത്.

മകന്‍ പിറന്നതിന് ശേഷം ജോലി സ്ഥലത്ത് അടുത്താണെന്ന പേരിൽ ഭാര്യ അമ്മയുടെ വീട്ടിലേക്ക് പോയതെന്നും മകനെ അവഗണിക്കുന്നതെന്നുമാണ് പരാതിക്കാരന്റെ വാദം. ഭാര്യ സ്ഥിരമായി തനിക്കൊപ്പം വന്ന് താമസിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്. ഭാര്യ തന്നോടൊപ്പം ദിവസവും താമസിക്കാത്തത് വലിയ വിഷമമുള്ള കാര്യമെന്നാണ് ഇയാൾ കോടതിയെ അറിയിച്ചിട്ടുള്ളത്. കുട്ടി ഉണ്ടായ ശേഷവും ഭാര്യ ജോലിക്ക് പോകുന്നതിലും ഇയാൾക്ക് എതിര്‍പ്പാണുള്ളത്. ഇത് മകന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ആരോപണം. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കുടുംബ കോടതിയെ സമീപിച്ചിരുന്നു.

ഭർതൃഗൃഹത്തിൽ കൃത്യമായ ഇടവേളകളിൽ എത്തുന്നുണ്ടെന്നും ഭർത്താവിനോടുള്ള കടമകളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നില്ലെന്നും ഇവർ കോടതിയെ അറിയിച്ചത്. എന്നാൽ ഈ അപേക്ഷ കുടുംബ കോടതി തള്ളുകയായിരുന്നു. സംഭവത്തിൽ പൂർണമായ രീതിയിലുള്ള വിചാരണ വേണമെന്ന വിലയിരുത്തലിലായിരുന്നു ഇത്. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർതൃഗൃഹവുമായി ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്നും കൃത്യമായി വീട്ടിലെത്തുന്നുണ്ടെന്നും അതിനാൽ തന്നെ കടമകൾ നിറവേറ്റുന്നില്ലെന്ന ആരോപണം വ്യാജമാണെന്നും വിശദമാക്കിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജനുവരി 25നകം ഭാര്യയുടെ ഹർജിയോടുള്ള മറുപടി വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം