ആദ്യ ഭാര്യയുമായി അടുക്കുന്നുവെന്നും തന്നെ അവഗണിക്കുന്നുവെന്നും ആരോപിച്ച് യുപിയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

മുസാഫർനഗർ: നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ ഭഞത്താവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗർ സ്വദേശിയായ സഞ്ജയ് കുമാറാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു പ്രായം. സംഭവത്തിൽ സഞ്ജയ് കുമാറിൻ്റെ രണ്ടാം ഭാര്യ കവിത(30)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റ സമ്മതം നടത്തി. തന്നെ അവഗണിച്ച് ഭർത്താവ് മുൻഭാര്യയുമായി അടുക്കുന്നതാണ് പ്രകോപനമെന്നാണ് യുവതി മൊഴി നൽകിയത്.

വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഞ്ജയ് കുമാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. സഞ്ജയ് കുമാറിനെ കവിത കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ സഞ്ജയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നു. കവിതയെ അറസ്റ്റ് ചെയ്തതായി മുസാഫർ നഗർ പൊലീസ് ഇൻസ്പെക്ടർ ദിനേശ് ചന്ദ് ഭാഗേൽ വ്യക്തമാക്കി.

സഞ്ജയും കവിതയും 2000 ലാണ് വിവാഹിതരായത്. ഇതിന് മുൻപ് തന്നെ സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം നിലനിൽക്കെയായിരുന്നു രണ്ടാം വിവാഹം. സഞ്ജയുടെ ആദ്യ ഭാര്യ അവരുടെ ജന്മനാടായ തണ്ട മജ്‌റയിലാണ് താമസിക്കുന്നത്. ഇവിടേക്ക് സഞ്ജയ് പോകുന്നതും തന്നെ അവഗണിക്കുന്നതുമാണ് കവിതയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.

YouTube video player