Asianet News MalayalamAsianet News Malayalam

വെടിപൊട്ടിയില്ല, വന്യമൃ​ഗ സെൻസസിന് പോയ സംഘത്തിലെ ​ഗാർഡിനെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണം  

ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വെടി പൊട്ടിയില്ല. രണ്ടാം ശ്രമത്തിൽ വെടിപൊട്ടിയെങ്കിലും ആന തൊട്ടടുത്തെത്തിയിരുന്നു.

wild elephant killed forest guard during census prm
Author
First Published Mar 3, 2024, 6:53 PM IST

കൊൽക്കത്ത: മൃ​ഗങ്ങളുടെ കണക്കെടുപ്പിനിടെ ഫോറസ്റ്റ് ​ഗാർഡിനെ കാട്ടാന ചവിട്ടിക്കൊന്നു. വടക്കൻ ബംഗാളിലെ ബുക്സ ടൈഗർ റിസർവിലെ  ജയന്തി റേഞ്ചിലെ പുഖ്രി മേഖലയിലാണ് സംഭവമുണ്ടായത്. 57 കാരനായ അലി മിയാൻ എന്ന ​ഗാർഡാണ് കൊല്ലപ്പെട്ടത്. വനപാലകരും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം കണക്കെടുപ്പിനായി വനത്തിൽ പ്രവേശിച്ചു.

ഇതിനിടെ അലി മിയാനും സംഘത്തിനും നേരെ കാട്ടാന ഓടിയടുത്തു. ആനയെ തടയാൻ, അലി ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വെടി പൊട്ടിയില്ല. രണ്ടാം ശ്രമത്തിൽ വെടിപൊട്ടിയെങ്കിലും ആന തൊട്ടടുത്തെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു. തൊട്ടടുത്തെത്തിയ ആന ഇയാളെ ചവിട്ടിയരച്ചു, സംഭവസ്ഥലത്ത് നിന്ന് മറ്റ് ​ഗാർഡുകൾ ഓടി രക്ഷപ്പെട്ടു. 

​ഗാർഡിന്റെ മരണത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി.  മൃതദേഹവുമായി മടങ്ങുമ്പോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാഹനങ്ങൾക്ക് നേരെ ആളുകൾ കല്ലെറിഞ്ഞു. ഉദ്യോ​ഗസ്ഥരുടെ മറ്റൊരു വാഹനം തട്ടിയെടുത്തതായി സംശയമുണ്ട്. ജനക്കൂട്ടത്തിലെ ഒരു വിഭാഗം ജയന്തി റേഞ്ച് ഓഫീസിന് തീയിടാനും ശ്രമിച്ചു. വൻ പൊലീസ് സംഘം എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വളരെ നിർഭാഗ്യകരമായ സംഭവമാണ്. അലിയുടെ കുടുംബത്തിന് മാനദണ്ഡങ്ങൾക്കനുസൃതമായി നഷ്ടപരിഹാരം നൽകുമെന്നും ബിടിആർ (ഈസ്റ്റ്) ഡെപ്യൂട്ടി ഫീൽഡ് ഡയറക്ടർ ദേബാസിസ് ശർമ്മ പറഞ്ഞു. മരണത്തിൽ അലിപുർദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios